കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെകോര്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്നു തിരുവനന്തപുരത്തെത്തും. എയര്‍ പെഗാസസ് എന്ന പേരിലാണ് സര്‍വീസ്. ബംഗളൂരുവില്‍നിന്നു ഹുബ്ബള്ളിയിലേക്കുള്ള കമ്പനിയുടെ ആദ്യ വിമാന സര്‍വീസ് ഇന്നലെ രാവിലെ കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു ബംഗളൂരുവില്‍ ഫ്‌ളാഗ് ഒഫ് ചെയ്തു.
ഇന്നു വൈകിട്ട് എട്ടു മണിക്കെത്തുന്ന വിമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകിട്ട് 8.45ന് തിരുവനന്തപുരത്തുനിന്നു തിരിച്ചുള്ള സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഹുബ്ബള്ളിയില്‍ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെടുന്നത്. കൊച്ചി, കോഴിക്കോട്, ചെന്നൈ, തൂത്തുകുടി, ബെളഗാവി, രാജമുന്ദ്രി, പോണ്ടിച്ചേരി, മധുര, കടപ്പ വിമാനത്താവളങ്ങളിലേക്ക് വൈകാതെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി.നിലവില്‍ വിമാന ഗതാഗതം ഇല്ലാത്തതോ തീരെ കുറഞ്ഞതോ ആയ പട്ടണങ്ങളെയാണ് കൂടുതലായി പരിഗണിക്കുന്നതെന്ന് എയര്‍ പെഗാസസ് മാനെജിങ് ഡയറക്റ്ററും കൊച്ചി സ്വദേശിയുമായ ഷൈസണ്‍ തോമസ് പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു മലയാളി വ്യോമയാന കമ്പനി ആരംഭിക്കുന്നത്. രണ്ട് എടിആര്‍72 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. മൂന്നാമത് വിമാനവും ഉടന്‍ ലഭിക്കും. 66 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.
16 വര്‍ഷം വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് കമ്പനി സ്വന്തമായി വിമാന സര്‍വീസ് അരംഭിച്ചിരിക്കുന്നത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍, കാര്‍ഗോയും ലഗേജും കൈകാര്യം ചെയ്യല്‍, യാത്രക്കാര്‍ക്ക് വാടക സാധനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. രാജ്യത്തെ 11 വിമാനത്താവളങ്ങളില്‍ കമ്പനിയുടെ സാന്നിധ്യം ലഭ്യമായിരുന്നു.


