ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഉച്ച ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. വ്യാഴാഴ്ച എയര്‍ ഇന്ത്യയുടെ ദില്ലിയില്‍ നിന്ന് ലണ്ടനിലേക്കുപോയ എഐ 111 വിമാനത്തില്‍ യാത്ര ചെയ്തയാള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്.
സ്‌പെഷല്‍ മീല്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് നല്‍കിയ ബര്‍ഗറിനകത്തായിരുന്നു പല്ലിയും ഉണ്ടായിരുന്നത്. പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്നു ഭക്ഷണം മാറ്റി നല്‍കാന്‍ വിമാന ജോലിക്കാര്‍ തയാറായെങ്കിലും കുപിതനായ യാത്രക്കാരന്‍ ഇത് നിരസിച്ചു.
പല്ലിയെ കണ്ടതിനെത്തുടര്‍ന്ന് വിമാനത്തിലെ മറ്റുപലരും ഉച്ചഭക്ഷണം ഉപേക്ഷിച്ചു. സംഭവത്തെക്കുറിച്ച് യാത്രക്കാരന്‍ എയര്‍ ഇന്ത്യക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നും യാത്രക്കാരന്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.


