എയര്‍ബാഗിന് തകരാര്‍: ഹോണ്ടയുടെ 10 ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവിളിക്കുന്നു

എയര്‍ബാഗിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് 10 ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവിളിക്കാന്‍ ഹോണ്ട തീരുമാനിച്ചു. തകാത്ത കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗ് ഘടിപ്പിച്ച കാറുകള്‍ തിരിച്ചു വിളിക്കാനാണ് തീരുമാനം.

ഈര്‍പ്പമേറിയ കാലാവസ്ഥയുള്ള യു എസ് സംസ്ഥാനങ്ങളില്‍ വിറ്റ കാറുകളെല്ലാം തിരിച്ചു വിളിച്ചു പരിശോധിക്കാനാണു ജാപ്പനീസ് നിര്‍മാതാക്കളുടെ തീരുമാനം; ഇതോടെ 2001 – 2005 കാലത്തു വിറ്റ ‘സിവിക്’ കാറുകളും 2003-2007 കാലത്തു വിറ്റ ‘അക്കോഡും’ തിരിച്ചുവിളിക്കേണ്ടി വരും.

ഈര്‍പ്പമേറിയ മേഖലകളില്‍ വിറ്റ മൂന്നര ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്ന് രണ്ടാഴ്ച മുമ്പ് ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ഡ്രൈവറുടെ ഭാഗത്തെ എയര്‍ബാഗിന്റെ നിര്‍മാണ പിഴവിനുള്ള സാധ്യത മുന്‍നിര്‍ത്തി ഹോണ്ട രാജ്യവ്യാപകമായി തന്നെ പരിശോധന പ്രഖ്യാപിച്ചിരുന്നു.

എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററില്‍ തകാത്ത കോര്‍പറേഷന്‍ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിര്‍മിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂര്‍ച്ചയേറിയ വസ്തുക്കള്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ എയര്‍ബാഗ് പൊട്ടിത്തെറിച്ച് ആഗോളതലത്തില്‍ ഏഴു പേര്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണു കണക്ക്.

നിര്‍മാണ തകരാറുള്ള എയര്‍ബാഗിന്റെ പേരില്‍ ഹോണ്ട ഇതുവരെ 2.1 കോടി വാഹനം തിരിച്ചുവിളിച്ചു പരിശോധിച്ചിട്ടുണ്ട്. തകാത്ത കോര്‍പറേഷന്റെ ഏറ്റവും വലിയ ഉപയോക്താക്കളായതാണ് ഹോണ്ടയ്ക്കു കനത്ത തിരിച്ചടി സൃഷ്ടിച്ചത്.

Top