എബോളയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ നടപടി ശക്തിപ്പെടുത്തി ;മാഞ്ചസ്റ്റര്‍ , ബിര്‍മിംഗ്ഹാം എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണ സംവിധാനം

യുകെ : പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള രോഗത്തിനെതിരെ പാശ്ചാത്യരാജ്യങ്ങള്‍ നടപടികള്‍ ശക്തിപ്പെടുത്തി. മാഞ്ചസ്റ്റര്‍, ബിര്‍മിംഗ്ഹാം എയര്‍പോര്‍ട്ടുകളില്‍ വരുന്ന യാത്രക്കാരെ നിരീക്ഷിക്കുവാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. അടുത്ത ആഴ്ച മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. അതേ സമയത്ത് സിയറാ ലിയോണിലേക്ക് മരുന്നുകളും മറ്റുമായി മെഡിക്കല്‍ സംഘം യുകെയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 225ഓളം സൈനീകര്‍ ദുരന്തം നേരിടുവാന്‍ വേണ്ടി പശ്ചിമ ആഫ്രിക്കയിലേക്ക് പോയിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയില്‍ നിന്നെത്തുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കാന്‍ ബ്രിട്ടന്‍ , ക്യാനഡ, യു എസ് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ശക്തമായ നിരീക്ഷണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം മരണസംഖ്യ 4,493ലെത്തിയതായി ലോകാരോഗ്യസംഘടന വെളിപ്പെടുത്തി. ഏഴ് രാജ്യങ്ങളില്‍ ഇതുവരെയായി 8,997 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യു എന്‍ വക്താവ് സ്റ്റീഫന്‍ ഉജാരിക്ക് വ്യക്തമാക്കി. രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ എബോള ബാധിച്ച 427 പേരില്‍ 236 പേര്‍ മരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിറാലിയോണ്‍ എന്നീ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടവരെ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

രോഗം ബാധിച്ച് െ്രെഡവര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ലൈബീരിയന്‍ ഗതാഗത മന്ത്രി സ്വമേധയാ ഒറ്റപ്പെട്ട സ്ഥലത്ത് മാറിക്കഴിയുകയാണ്. ലൈബീരിയയില്‍ നിന്നുള്ള യാത്രക്കാരെ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആരോഗ്യ കമ്മീഷണര്‍ ടോണിയോ ബോര്‍ഗ് വ്യക്തമാക്കി. ശക്തമായ പനിയെ തുടര്‍ന്ന് ചികിത്സ തേടിയ ക്രിസ്റ്റ്യന്‍ മതപുരോഹിതനുള്‍പ്പെടെ ആറ് പേര്‍ക്ക് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈയിടെ ലൈബീരിയയില്‍ പോയി തിരിച്ചുവന്നയാളാണ് മതപുരോഹിതന്‍. രോഗികളെ പരിചരിച്ച ഫ്രാന്‍സ് സ്വദേശിയായ നഴ്‌സിനും എബോള സ്ഥിരീകരിച്ചിരുന്നു. യു എസില്‍ രണ്ട് നഴ്‌സുമാരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും നേരത്തെ ലൈബിരിയയില്‍ നിന്നുള്ള രോഗിയെ പരിചരിച്ചിരുന്നു.

രോഗം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും അത് എങ്ങനെ പടരുന്നുവെന്ന ചോദ്യം ആരോഗ്യവിദഗ്ധരില്‍ അവശേഷിക്കുകയാണ്. രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മറ്റു രാജ്യങ്ങളിലേക്ക് പടരുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് വെളിപ്പെടുത്തി.

Top