തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജുവടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവസമയത്ത് ബൈജുവാണ് ജീപ്പോടിച്ചിരുന്നത്. തുറന്ന ജീപ്പ് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇവരെല്ലാം ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.
ഓണാഘോഷ ലഹരിയില്‍ പാഞ്ഞുവന്ന ജീപ്പിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്. മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ് (20) മരിച്ചത്. സിവില്‍ എന്‍ജിനിയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് തസ്‌നി.
ബുധനാഴ്ച വൈകീട്ട് നാലേകാലോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തസ്‌നി വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നിലമ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
മൂന്ന് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ശക്തമായ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ ഉച്ചമുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു.
അപകടത്തിനിടയാക്കിയ ഘോഷയാത്ര നടത്തിയ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ചുമതലയുള്ള യൂണിയന്‍ ഭാരവാഹികളായ 12 പേരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.


