എണ്‍പതുകളിലെ കഥയുമായി ഇന്ദ്രജിത്തും ആസിഫും എത്തുന്നു

മലയാള സിനിമയില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. അടുത്തതായി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എണ്‍പതുകളില്‍ ഒരു ചെറിയ പട്ടണത്തില്‍ നടക്കുന്ന സംഭവകഥയുമായി എത്തുന്നു.

കൊഹിനൂര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാധാരണ പുറത്തിറങ്ങുന്ന റിട്രോ സിനിമകള്‍ പലതും പ്രണയകഥകളോ ജീവചരിത്രങ്ങളോ ആയിരിക്കും. എന്നാല്‍ അതില്‍ നിന്നും അല്‍പം വ്യത്യസ്തത വേണമെന്ന് തങ്ങള്‍ ആഗ്രഹിച്ചു. എണ്‍പതുകളിലുണ്ടായിരുന്ന എല്ലാ സംഭവങ്ങളേയും തങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതൊരു ഫണ്‍ ത്രില്ലര്‍ ആയിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

ഈ ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാവരും എണ്‍പതുകളിലെ രീതിയിലാണ് സംസാരിക്കുന്നതും വസ്ത്രം ധരിക്കുന്നതും. ഫോണോ ഇന്റര്‍നെറ്റോ ഒന്നും ഇല്ലാത്ത കാലം.

ബോംബെയില്‍ നിന്നും തിരികെ വന്നൊരു മലയാളിയുടെ വേഷമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ആസിഫ് തൊഴില്‍രഹിതനായൊരു യുവാവാണ്. സിനിമകള്‍ കണ്ട് അതില്‍ മുഴുകി സ്വപ്നം കണ്ട് ജീവിക്കുന്ന വ്യക്തിയാണ് അവന്‍. സണ്ണി വെയിന്‍ ഒരു തുക്കടാ കള്ളന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഒരു വലിയ കള്ളന്റെ സഹായിയായി നില്‍ക്കുന്ന സണ്ണി കൊച്ചിയിലെ പ്രശസ്തനാകുന്നു. കുറച്ച് പണം ഉണ്ടാക്കി എങ്ങനെയും കേരളത്തില്‍ നിന്നും വിദേശത്തേക്ക് കടക്കണമെന്നാണ് അയാളുടെ ആഗ്രഹം. ഇതൊല്ലാം ഒരു ചെറിയ പട്ടണത്തില്‍ നടക്കുന്ന സംഭവമാണ്.

തലശ്ശേരിയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരും വളരെ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. എന്നാല്‍ അതാരൊക്കെയാണെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല.

ആസിഫ് അലിയേയും അജു വര്‍ഗീസിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇതിന് മുമ്പ് വിനയ് കിളി പോയി എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Top