എജി ഓഫീസിനെതിരായ കോടതി പരാമര്‍ശം: സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് നല്‍കി.

അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ലെന്നും പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതാണ് ഉചിതമെന്നും ഇന്നലെ ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാത്യു. ടി. തോമസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായുള്ള ഇടപാടുകള്‍ ആശങ്കയുണ്ടാക്കുന്നു. ഭരണഘടനയ്ക്ക് പുറത്ത് എന്തു ബന്ധമാണ് ഇവര്‍ തമ്മിലുള്ളത് . അഡ്വക്കറ്റ് ജനറലിന്റെ നിലപാടുകള്‍ പ്രതിപക്ഷത്തെപ്പോലെ ഭരണപക്ഷത്തെയും ആശങ്കയിലാഴ്ത്തുന്നുവെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.

അഡ്വക്കറ്റ്ജനറലിനെ വിശ്വാസമാണെന്നും എല്ലാ കേസുകളും എഡി ജയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.

Top