എച്ച്ടിസി ഡിസൈര്‍ ഐ സ്മാര്‍ട്‌ഫോണ്‍

എച്ച്ടിസിയും സെല്‍ഫി പ്രേമികള്‍ക്കായി പുതിയ സ്മാര്‍ട്‌ഫോണുമായി രംഗത്ത്. ബുധനാഴ്ചയാണ് എച്ച്ടിസി ഡിസൈര്‍ ഐ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. ഫോണിന്റെ വിലയോ വിപണിയില്‍ എന്ന് ലഭ്യമാകുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

HTC ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈര്‍ ഐയില്‍ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറക്കൊപ്പം 13 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. ഇതുവരെ പുറത്തിറങ്ങിയ സ്മാര്‍ട്‌ഫോണുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ റെസലൂഷനുള്ള മുന്‍ ക്യാമറ ഡിസൈര്‍ ഐയില്‍ മാത്രമാണ്. നാച്ചുറല്‍ ടോണ്‍ നല്‍കാന്‍ മുന്‍ക്യാമറയ്ക്കും പിന്‍ക്യാമറയ്ക്കും രണ്ട് എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഉണ്ട്. കുറഞ്ഞ പ്രകാശത്തിലും വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ബിഎസ്‌ഐ സെന്‍സറുകള്‍ ക്യാമറയ്ക്കുണ്ട്.

ഡ്യുവല്‍ കളറില്‍ വാട്ടര്‍ പ്രൂഫ് ബോഡിയുള്ള ഡിസൈര്‍ ഐയില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറിന്റെ കരുത്തുമുണ്ട് ഫോണിന്. മറ്റൊരു പ്രധാന സവിശേഷത സ്പ്ലിറ്റ് ക്യാപ്ച്ചര്‍ സൗകര്യമാണ്. മുന്‍ക്യാമറയിലും പിന്‍ക്യാമറയിലും പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്നതാണ് സ്പ്ലിറ്റ് സ്‌ക്രീന്‍ സൗകര്യം. കൂടാതെ, സ്‌ക്രീന്‍ ഷെയറിങ് സൗകര്യവും ഫോണിനുണ്ട്.

2 ജിബി റാമുള്ള എച്ച്ടിസി ഡിസൈര്‍ ഐയില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാം. 2400 എംഎഎച്ച് ലിപൊ ബാറ്ററിയാണ് ഡിസൈര്‍ ഐക്ക് ജീവന്‍ നല്‍കുന്നത്.

Top