എം.പി ജോയ്‌സ് ജോര്‍ജിന്റെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു

മൂവാറ്റുപുഴ: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.ആദിവാസി കുടിയിലേക്കുള്ള റോഡിലെ കലുങ്കുകള്‍ വനംവകുപ്പ് പൊളിച്ച് മാറ്റിയതിനെതിനെ തുടര്‍ന്ന് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് അഞ്ച് ദിവസമായി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ നടത്തി വരുന്ന സമരമാണ് പിന്‍വലിച്ചത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഹര്‍ത്താലും പിന്‍വലിച്ചു. ഹര്‍ത്താല്‍ ഭാഗികമായിരുന്നു.

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരസമിതി അറിയിച്ചു. ഒക്‌ടോബര്‍ നാലിന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോയ്‌സ് ജോര്‍ജ് ചര്‍ച്ച നടത്തും.

കുറത്തിക്കൊടി ആദിവാസി കോളനിയിലേക്കുള്ള മലയോര ഹൈവേയിലെ അഞ്ച് കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജോയ്‌സ് ജോര്‍ജ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ നിരാഹാരസമരം നടത്തിയത്.

Top