എം.പിമാര്‍ക്ക് നെഞ്ചില്‍ തീ; പാര്‍ലമെന്റിന് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ല

ന്യൂഡല്‍ഹി: ഭീകരാക്രമണംപോലുമുണ്ടായ രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ആവശ്യമുള്ള ഇന്ത്യന്‍ പാര്‍ലമെന്റിനു പത്തു വര്‍ഷക്കമാലമായി ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ല.

കെട്ടിടങ്ങള്‍ക്കുപോലും ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ രാജ്യത്താണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ ഫയര്‍ സേഫ്റ്റി സംവിധാനമില്ലാത്തത്. ഏറ്റവും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്ന പാര്‍ലമെന്റില്‍ അഗ്‌നിബാധയുണ്ടായാല്‍ പെട്ടെന്നു തടയാന്‍ മാര്‍ഗങ്ങളുമില്ല. പന്ത്രണ്ടു വര്‍ഷമായി ഇക്കാര്യത്തെക്കുറിച്ച് സുരക്ഷാ വിഭാഗം ആലോചിച്ചിട്ടുപോലുമില്ലെന്നതാണ് വാസ്തവം.

കഴിഞ്ഞ ഞായറാഴ്ചയുള്‍പ്പെടെ രണ്ടാഴ്ചയ്ക്കിടെ പാര്‍ലമെന്റിന് സമീപത്ത് തീപടര്‍ന്നിട്ടും ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ പോലുമുണ്ടായില്ല. എസിയുടെ സമീപത്തുള്ള ഇന്‍സുലേഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം തീപടര്‍ന്നത്. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ വയറിങ്ങ് പുതുക്കിയിട്ടില്ലെന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

2013 ഓഗസ്റ്റില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പരിശോധന നടത്തിയ ഡല്‍ഹി ഫയര്‍ സര്‍വീസ് ജോലിക്കാര്‍ വൈദ്യുതി ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

പവര്‍ ഹോസുകളും സ്‌മോക് ഡിറ്റക്റ്ററുകളും മാറ്റി ഘടിപ്പിച്ചതല്ലാതെ മറ്റ് വൈദ്യുതി ഉപകരണങ്ങളൊന്നും മാറ്റിയില്ല. വയറിങ്ങ് കേബിളുകള്‍, സ്പ്രിംഗ്‌ളറുകള്‍, എമര്‍ജന്‍സി എക്‌സിറ്റുകള്‍ എന്നിവ സ്ഥാപിക്കണമെന്നും അന്നു സുരക്ഷാ വിഭാഗം നിര്‍ദേശിച്ചിരുന്നു. ഇവയെല്ലാം പാര്‍ലമെന്റ് മന്ദിരത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടി പുതിയവ വാങ്ങേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍, ഇവയൊന്നും പ്രവര്‍ത്തിക്കുന്നവയല്ലെന്ന കാര്യം അന്നു ചര്‍ച്ച ചെയ്യപ്പെട്ടില്ല.

മുന്‍ സ്പീക്കര്‍ മീരാകുമാറിന്റെ നിര്‍ദേശ പ്രകാരം പാചകപ്പുര പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നു മാറ്റിയതു മാത്രമാണു തീപിടിത്ത ഭീഷണിയില്‍ നിന്നു പാര്‍ലമെന്റിനെ സുരക്ഷിതമാക്കാന്‍ സമീപ കാലത്തു കൈക്കൊണ്ട ഏക നടപടി. തീയണയ്ക്കാനുള്ള ഒരു ട്രക്ക് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതു പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യവും ഇത്രയും കാലം പരിശോധിച്ചിട്ടില്ല.

Top