ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഉയര്‍ത്തുന്നതിനുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. അമ്പതിനായിരത്തില്‍ നിന്ന് ഒരുലക്ഷമായി ഉയര്‍ത്താനായിരുന്നു നിര്‍ദേശം.
ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതിയാണ് ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്
സമിതിയുടെ മറ്റ് ശുപാര്‍ശകള്‍ ഇങ്ങനെ: പെന്‍ഷന്‍ 20000ല്‍നിന്ന് 35000 രൂപയാക്കുക. ആഭ്യന്തര യാത്രക്ക് മുന്‍ എംപിമാര്‍ക്കും പ്രതിവര്‍ഷം 2025 വിമാന ടിക്കറ്റ് അനുവദിക്കുക. പാര്‍ലമെന്റ് സമ്മേളന സമയത്ത് എംപിമാര്‍ക്ക് ലഭിക്കുന്ന 2000 രൂപ ദിനബത്ത വര്‍ധിപ്പിക്കുക.
എംപിക്കും ഭാര്യക്കും നിലവിലുള്ള ഒന്നാം ക്ലാസ് ട്രെയിന്‍ യാത്രാസൗകര്യം എംപിയോടൊപ്പം സഹായിയെന്ന നിലയില്‍ യാത്ര ചെയ്യുന്നവര്‍ക്കും നല്‍കുക. സര്‍ക്കാര്‍ ജീവനക്കാരുടേതുപോലെ കൃത്യമായ ഇടവേളകളില്‍ സ്വാഭാവിക ശമ്പളവര്‍ധന. നിലവില്‍ വിമാന ടിക്കറ്റിന് തുല്യമായ നിരക്കും ഇതിന്റെ നാലിലൊന്ന് തുക അലവന്‍സായും ലഭിക്കുന്നുണ്ട്.


