തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയ നടപടി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
അദ്ദേഹത്തെ തുടര്‍ന്നും ബോര്‍ഡിന്റെ വിജിലന്‍സ് കമ്മീഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ഭരണക്കാര്‍ക്ക് വളരെ വേണ്ടപ്പെട്ട പല വ്യവസായ പ്രമുഖരുടെയും വൈദ്യുതി മോഷണവും, ക്രമക്കേടുകളും കണ്ടുപിടിച്ചതിന്റെ പേരിലാണ് ഋഷിരാജ് സിംഗിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയത്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുക വഴി മുഖ്യമന്ത്രിയും, കൂട്ടരും നഗ്‌നമായ അഴിമതിക്ക് പച്ചക്കൊടി കാട്ടുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഋഷിരാജ് സിംഗിനെ വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് കമ്മീഷണര്‍ പദവിയില്‍ നിന്ന് മാറ്റിയത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍ക്ക് തുടര്‍ന്നും വൈദ്യുതി മോഷണവും, ക്രമക്കേടും നടത്തുന്നതിനുളള വഴിയൊരുണ്ടക്കുന്നതിന് വേണ്ടിയാണ്. ഇത് അത്യന്തം അപലപനീയമാണ്. ജനതാല്‍പര്യത്തിന് വിരുദ്ധവുമാണെന്നും വി.എസ് പറഞ്ഞു.
ഋഷിരാജ് സിംഗ് വൈദ്യുതിബോര്‍ഡിന്റെ വിജിലന്‍സ് കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റെടുത്തിട്ട് ഒരുവര്‍ഷം പോലും തികഞ്ഞിട്ടില്ല.
ഇതിനിടയില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും ഏറെ അടുപ്പമുളള പല വമ്പന്മാരുടെയും വൈദ്യുതി മോഷണവും, വൈദ്യുതി ഉപയോഗത്തിലെ ക്രമക്കേടും അദ്ദേഹം കണ്ടെത്തി ലക്ഷങ്ങളുടെ പിഴ ഈടാക്കുകയുണ്ടായി.


