ഉഷ്ണക്കാറ്റ്: തെലങ്കാനയിലും ആന്ധ്രയിലും മരിച്ചവരുടെ എണ്ണം 233 ആയി

ഹൈദരാബാദ്: തെലങ്കാനയിലെയും ആന്ധ്രപ്രദേശിലേയും ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 233 ആയി. തെലങ്കാനയില്‍ 128ഉും ആന്ധ്രയില്‍ 95 പേരും മരിച്ചതായാണ് ഔദ്യോഗിക വിവരം. മെയ് 18 മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. ഇരു സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ സൂര്യതാപമേറ്റ് ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദ്, ഖമ്മം, നല്‍ഗോണ്ട, രാമഗുണ്ടം എന്നിവിടങ്ങളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സമയം നിജപ്പെടുത്തി. ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റ് ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളും കനത്ത ചൂടില്‍ ഉരുകുകയാണ്. ഡല്‍ഹിയില്‍ ചൂട് നാല്‍പ്പത്തിനാല് ഡിഗ്രി സെല്‍ഷ്യസ് കടന്നു.

Top