കൊച്ചി: യൂണിക്കോഡ് മലയാളത്തിലേക്ക് ഒരു ഫോണ്ട് കൂടി വരുന്നു. തലക്കെട്ടുകള്‍ക്ക് അനുയോജ്യമായ ‘ഉറൂബ്’ എന്ന ഫോണ്ടാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരനായിരുന്ന പി സി കുട്ടിക്കൃഷ്ണന്റെ തൂലികാനാമമാണ് പുതിയ ഫോണ്ടിന് നല്‍കിയിരിക്കുന്നത്.
ഉറൂബ് എഴുതിയ ‘ഉമ്മാച്ചു’ എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണ് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുതിയ ഫോണ്ടിന് ഉറൂബ് എന്ന പേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഹുസൈന്‍ കെ എച്ച് ആണ് ഫോണ്ട് രൂപകല്‍പന ചെയ്തത്. ഉറൂബ് ഫോണ്ട് കൂടി വരുന്നതോടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് അവതരിപ്പിക്കുന്ന ഫോണ്ടുകളുടെ എണ്ണം പത്ത് ആകും.
സര്‍ക്കാര്‍ സ്ഥാപനമായ ICFOSS ന്റെ സാമ്പത്തികസഹായത്തോടെയാണു് ഫോണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. 1.0 ബീറ്റ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കേരളീയം ഫോണ്ടിന്റെ ഓപ്പണ്‍ ടൈപ്പ് ഫീച്ചര്‍ ടേബിള്‍ പുനരുപയോഗിച്ചാണു ഈ ഫോണ്ട് തയ്യാറാക്കിയിരിയ്ക്കുന്നത്.


