ഉത്തര്‍പ്രദേശില്‍ ആറു വയസുകാരിയെ വളര്‍ത്തമ്മ ജീവനോടെ കുഴിച്ചുമൂടി

ആഗ്ര: ഉത്തര്‍പ്രദേശില്‍ ആറു വയസുകാരിയെ വളര്‍ത്തമ്മ ജീവനോടെ കുഴിച്ചുമൂടി. സംഭവത്തില്‍ 22 കാരിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്ചയാണ് യുവതി പെണ്‍കുട്ടിയെ കുഴിച്ചുമൂടിയത്. തുടര്‍ന്ന് ഭര്‍ത്താവിനോട് കുട്ടിയെ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച്ച യുവതി തന്നെയാണ് ബന്ധുക്കളോട് താന്‍ കുട്ടിയെ കുഴിച്ചു മൂടുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയത് തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കുഴിച്ചുമൂടിയ സ്ഥലം യുവതി പൊലീസിനെ കാണിച്ചുകൊടുത്തു. ഒരു അമ്പലത്തിനടുത്താണ് യുവതി പെണ്‍കുട്ടിയെ കുഴിച്ചു മൂടിയത്. യുവതിയുടെ ഭര്‍ത്താവ് അമ്പലത്തിലെ പുരോഹിതനാണ്.

പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തു. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ഭാവിയില്‍ തന്റെ ഒന്നര വയസുള്ള സ്വന്തം മകന് ലഭിക്കേണ്ട സ്വത്തുക്കള്‍ വളര്‍ത്തു മകള്‍ക്ക് ലഭിച്ചുപോകുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Top