മാധ്യമപ്രവര്‍ത്തനം വെറുമൊരു ജോലിയല്ല പലര്‍ക്കും. ജേര്‍ണലിസത്തെ അഭിനിവേശമായി പലരും ഏറ്റെടുക്കുന്നു. എത്ര വലിയ കാര്യങ്ങളും മാറ്റിവെച്ച് മാധ്യമപ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഈ അമ്മയും കൂടി. ലാമിയ ഹംദിന്‍ എന്നാണ് മാധ്യമപ്രവര്‍ത്തകയായ അമ്മയുടെ പേര്. ഈജിപ്റ്റിലെ കെയ്‌റോ സ്വദേശിയാണ് ലാമിയ ഹംദിന്‍. ഓണ്‍ ടിവി എന്ന ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറാണ് ലാമിയ.
കുഞ്ഞുങ്ങള്‍ ജനിച്ച് മൂന്നു മാസമാകും മുന്‍പേ കുട്ടികളെ ഡേ കെയറിലോ വീട്ടില്‍ പരിചാരകരെയോ ഏല്‍പ്പിച്ച് ജോലിക്ക് പോകുന്ന അമ്മാമാര്‍ക്കിടിയില്‍ നിന്നു തികച്ചും വ്യത്യസ്തയാണ് ലാമിയ. രണ്ടു വയസുകാരനായ മകനെയും കൊണ്ടാണ് ലാമിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത്. ഇന്റര്‍വ്യൂ എടുക്കാന്‍ പോകുന്നതും ഈ കുട്ടിയെയും കൊണ്ടാണ്. മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല നാട്ടിലും ലാമിയ താരമാകുകയാണ്.
മറ്റു പല ജോലിക്കാരായ അമ്മമാരെയും പോലെ ലാമിയയും മകനെ ഡേ കെയര്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഡേ കെയറില്‍ നില്‍ക്കാന്‍ കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നു. കുട്ടിയുടെ ഡേകെയറിനോടുള്ള ഇഷ്ടക്കേടിന് ഒടുവിലാണ് ലാമിയ കുഞ്ഞിനെയും കൊണ്ട് ജോലിക്ക് പോകാന്‍ ആരംഭിച്ചത്. ലാമിയയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
ലാമിയ രണ്ടു വയസുകാരനെയും കൊണ്ട് വഴിയരുകില്‍ നിന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ഒക്കത്തിരുത്തിയ കുട്ടിയെയും കൊണ്ട് ലാമിയ പ്രസ് മീറ്റുകള്‍ക്കും മറ്റു വരുന്ന കാഴ്ച ഏറെ രസകരമാണ്. ഈജിപ്റ്റില്‍ മാത്രമല്ല ലോകമെമ്പാടും ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ലാമിയെയും അവളുടെ കുഞ്ഞിനെയും കുറിച്ചാണ്. ഇറ്റാലിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകയായ ലിസിയ റോണ്‍സുലിയും ചില പരിപാടികളില്‍ സ്വന്തം മകനെയും കൊണ്ട് വന്നതു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


