ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച 47 ഇസ്ലാമിസ്റ്റുകള്‍ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ

കയ്‌റോ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അനുകൂലികളായ 47 ഇസ്‌ലാമിസ്റ്റുകളെ ഈജിപ്ഷ്യന്‍ കോടതി 15 വര്‍ഷത്തേക്ക് തടവിന് വിധിച്ചു.

മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിക്കാരും സുരക്ഷാസേനയും തമ്മില്‍ രണ്ട്‌വര്‍ഷം മുന്‍പ് കെയ്‌റോയില്‍ നടന്ന സംഘട്ടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഈ കേസിലാണ് 47 ബ്രദര്‍ഹുഡുകാര്‍ക്ക് തടവുശിക്ഷ ലഭിച്ചത്. ഇതേ കേസില്‍ പ്രതികളായ 31 പേരുടെ വിധി പ്രസ്താവിക്കുന്നതു ജൂണ്‍ 30 വരെ നീട്ടി.

മുഹമ്മദ് മുര്‍സിക്ക് ജയില്‍ചാട്ടക്കേസില്‍ നല്‍കിയ വധശിക്ഷ ഈ മാസം ആദ്യം ഈജിപ്ഷ്യന്‍ കോടതി ശരിവച്ചിരുന്നു. കീഴ്‌ക്കോടതി ഇവര്‍ക്കു നല്‍കിയ വധശിക്ഷയാണ് അപ്പീല്‍കോടതി ശരിവച്ചത്.

2013 ജൂലൈ മൂന്നിനു മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ സൈനികപിന്തുണയുള്ള ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച മുര്‍സി അനുകൂലികളാണു ജയിലില്‍ കഴിയുന്നത്. ഇതേതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top