ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി ഇ.എന്‍ കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയാണ് കൃഷ്ണദാസ് നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തെഞ്ഞെടുത്ത്. രാവിലെ ഉഷ പൂജയ്ക്കു ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് കൃഷ്ണദാസിനെ തിരഞ്ഞെടുത്തത്. എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം.

മാളികപ്പുറം മേല്‍ശാന്തിയായി എസ് കേശവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മാവേലിക്കര സ്വദേശിയാണ് കേശവന്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തിപ്പട്ടികയില്‍ ഒമ്പത് പേരും മാളികപ്പുറത്തേക്ക് അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. സന്നിധാനത്ത് അതതു ക്ഷേത്രങ്ങളുടെ സോപാനത്തുവച്ച് ഇവരുടെ പേരുകള്‍ നറുക്കിട്ട് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുകയായിരുന്നു. പന്തളം രാജകുടുംബ പരമ്പരയില്‍പ്പെട്ട കുട്ടികളാണ് നറുക്കെടുത്തത്.

ജീവതത്തിലെ മഹാഭാഗ്യമാണ് ശബരിമല മേല്‍ശാന്തി സ്ഥാനമെന്ന് കൃഷ്ണദാസ് നമ്പൂതിരി വാര്‍ത്താലേഖകരോട് പറഞ്ഞു. ഇന്നു തന്നെ ശബരിമലയില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

തുലാമാസ പൂജകള്‍ക്കായി വെള്ളിയാഴ്ചയാണ് ശബരിമല ക്ഷേത്രനട തുറന്നത്. ഒക്ടോബര്‍ 22ന് തുലാമാസപൂജ പൂര്‍ത്തിയാകും. ചിത്തിര ആട്ടവിശേഷത്തോടെ 23ന് നടയടക്കും. രണ്ടുമാസം നീളുന്ന മണ്ഡലപൂജ – മകരവിളക്ക് മഹോത്സവത്തിനായി നവംബര്‍ 16ന് വൈകുന്നേരം 5.30ന് വീണ്ടും നട തുറക്കും.

Top