ന്യൂഡല്‍ഹി: ജൂതമതക്കാരുടെ രാഷ്ട്രമായി പ്രഖ്യാപിച്ച ഇസ്രയേല്‍ മറ്റു രാജ്യങ്ങളിലെ ജൂതന്‍മാരെ മാതൃരാജ്യത്തേക്ക് കൊണ്ടുവരാന്‍ നടത്തിയനീക്കം ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ പിന്‍തുടരുന്നു.
മറ്റു രാജ്യങ്ങളെ ഹിന്ദു, സിക്ക് മതക്കാരെയാണ് പൗരത്വം നല്‍കി രാജ്യത്തേക്ക് കൊണ്ടുവരുന്നത്. അതേ സമയം ബംഗ്ലാദേശില്‍ നിന്നുളള മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനില്‍ നിന്നുമായുള്ള 4300 ഹിന്ദുക്കള്‍ക്കും സിക്ക് അഭയാര്‍ത്ഥികള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ നാല് മടങ്ങ് കൂടുതലാണിത്.
ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഇന്ത്യാക്കാരായ ഹിന്ദുക്കളെ ‘സ്വന്തം വീട്ടി’ലേക്ക് കൊണ്ടുവരുമെന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് ബിജെപി നടപ്പാക്കുന്നത്.
ഇതേരീതിയാണ് ഇസ്രയേലും നേരത്തെ സ്വീകരിച്ചിരുന്നത്. ഇസ്രയേലില്‍ നിന്നുള്ള ജൂത മതക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതിന് ‘മടങ്ങി വരവ് നിയമം’ അവര്‍ കൊണ്ടുവന്നിരുന്നു.
1971നു ശേഷം ബംഗ്ലാദേശിലേക്ക് കുടിയേറിയ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി ആകെ രണ്ട് ലക്ഷത്തോളം ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള 1023 പേര്‍ക്കാണ് പൗരത്വം നല്‍കിയത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മദ്ധ്യപ്രദേശിലെ 19000 അഭയാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചു. രാജസ്ഥാനില്‍ 11,000 പേര്‍ക്കും ഗുജറാത്തില്‍ 4000 പേര്‍ക്കും വിസ ലഭിച്ചു. ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍, പാകിസ്ഥാനില്‍ നിന്നുള്ള 400 ഹിന്ദുക്കള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ കൂടുതലും താമസിക്കുന്നത് പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്. അതേ സമയം മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നുമില്ല.


