ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സിബിഐക്ക് അനുമതി നിഷേധിച്ചത്.

രഹാസ്യന്വേഷണ ബ്യൂറോയുടെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.

ഐബിയും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചത് എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

വ്യാജഏറ്റുമുട്ടലില്‍ രജീന്ദര്‍ കുമാറിന് പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു. നാല് ഐബി ഉദ്യോഗസ്ഥരേയും വിചാരണ ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചതോടെ കേസ് ഫലത്തില്‍ ഇല്ലാതായെന്നാണ് വിലയിരുത്തല്‍.

2004ലാണ് മുംബൈയിലെ വിദ്യാര്‍ത്ഥിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്.

Top