ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കനത്ത നഷ്ടത്തിലേക്ക് വീഴുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രൂഡോയില്‍ വില ഇന്നലെ ബാരലിന് 50 ഡോളറില്‍ താഴെയെത്തി.

ഇന്ത്യ ഏറ്റവുമധികം വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 11 സെന്റ് താഴ്ന്ന് 56.50 ഡോളറായിട്ടുണ്ട്.

ഡിമാന്‍ഡില്‍ കവിഞ്ഞ സ്‌റ്റോക്ക് ഇപ്പോഴേ ആഗോള ക്രൂഡോയില്‍ വിപണിയിലുണ്ട്. ഇടിനിടയ്ക്ക് ഇറാനും കൂടി കയറ്റുമതിക്ക് ഒരുങ്ങുന്നതിനെ തുടര്‍ന്നാണ് ക്രൂഡോയില്‍ വില വീണ്ടും ഇടിവിന്റെ പാത സ്വീകരിച്ചത്.

ഒപെക് രാജ്യങ്ങളിലെ ഏറ്റവും വലിയ ഉത്പാദകരായ സൗദി അറേബ്യ കഴിഞ്ഞമാസം ഉത്പാദനത്തില്‍ റെക്കോഡ് വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഇറാനാകട്ടെ മൂന്ന് കോടിയോളം ബാരലാണ് കയറ്റുമതിക്കായി കരുതിവച്ചിരിക്കുന്നത്.

അമേരിക്ക പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന ഭീതിയും ക്രൂഡോയില്‍ വില കുറയാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ ഇന്നലെ ആഗസ്റ്റ് അവധി വില 0.31 ശതമാനം (പത്ത് രൂപ ) കുറഞ്ഞ് ബാരലിന് 3,222 രൂപയിലെത്തി. രാജ്യാന്തര തലത്തില്‍ ക്രൂഡോയില്‍ വില ഇടിയുന്നത് ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുത്തനെ കുറയാന്‍ സഹായകമാകും.

കഴിഞ്ഞമാസം ഇന്ത്യന്‍ ക്രൂഡ് ഉത്പാദനം ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. 2014 ജൂണിലെ 3.121 മില്യണ്‍ ടണ്ണില്‍ നിന്ന് 3.101 മില്യണ്‍ ടണ്ണിലേക്കാണ് കഴിഞ്ഞമാസം ഉത്പാദനം കുറഞ്ഞത്. ഈവര്‍ഷം ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 0.86 ശതമാനം കുറവോടെ 9.3 മില്യണ്‍ ടണ്ണാണ് ഉത്പാദനം.

അതേസമയം, കഴിഞ്ഞമാസം പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി ഉത്പാദനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധന നേടി. 1.38 മില്യണ്‍ ടണ്ണില്‍ നിന്ന് 1.85 മില്യണ്‍ ടണ്ണിലേക്കാണ് വര്‍ദ്ധന.

Top