ഇരുപത്തഞ്ച് രൂപയ്ക്ക് വേണ്ടി മുഖം കറുപ്പിച്ച ഡോക്ടറും പത്തു രൂപാ ഡോക്ടറും; ഓര്‍മ്മ പങ്ക് വെച്ച് ദീപാ നിശാന്ത്

ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹിയില്‍ വെച്ച് പാളത്തിലേക്ക് വീണ് മരിച്ച മലയാളി ഡോക്ടര്‍ തുളസിയെക്കുറിച്ചും അവരുടെ വിലമതിക്കാനാവാത്ത സേവനത്തെക്കുറിച്ചും ഹൃദയനിര്‍ഭരമായ കുറിപ്പ് പങ്ക് വെച്ച് ദീപാ നിശാന്ത്. പത്തുരൂപ ഡോക്ടര്‍ എന്ന വിളിപ്പേരില്‍ ജനകീയയായിരുന്നു ഡോ.തുളസി. പാവപ്പെട്ടവര്‍ക്ക് തുച്ഛമായ രൂപയില്‍ ചികിത്സ നല്‍കുന്നതില്‍ ഏറെ പ്രശംസ ലഭിച്ച ഡോക്ടറുടെ അകാല നിര്യാണം ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.

തുളസിയെ പോലെ ദൈവം അനുഗ്രഹിച്ച കുറച്ച് ഡോക്ടര്‍മാര്‍ മാത്രമേ ഭൂമിയില്‍ ഉള്ളു എന്നും പണസമ്പാദനം ലക്ഷ്യമിട്ട് മാത്രം സേവനം നടത്തുന്ന ഡോക്ടര്‍മാരാണ് അധികവും ഉള്ളതെന്നും ദീപാ നിശാന്ത് തന്റെ കുറിപ്പില്‍ പറഞ്ഞു. ഒപ്പം കുട്ടിക്കാലം മുതല്‍ ഡോക്ടര്‍മാരില്‍ നിന്നു നേരിട്ട ചില അനുഭവങ്ങളും അവര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഡോക്ടര്‍മാരെക്കുറിച്ച് നല്ലതും ചീത്തയുമായ ധാരാളം ഓര്‍മ്മകളുണ്ട്. പനിയുമായി ചെല്ലുമ്പോള്‍ വാത്സല്യത്തോടെ തലയില്‍ തടവി രോഗവിവരങ്ങളന്വേഷിക്കുന്നവരുണ്ട്. ലോകത്ത് നിസ്സംഗത കണ്ടു പിടിച്ചതേ ഇവര്‍ക്കു വേണ്ടിയാണെന്ന് തോന്നും മട്ടില്‍ പെരുമാറുന്നവരുമുണ്ട്.

കുട്ടിക്കാലത്ത് പനി വന്നാല്‍ രണ്ടു സ്റ്റോപ്പിനപ്പുറമുള്ള ഒരു ജനറല്‍ ഫിസിഷ്യന്റെ അടുത്താണ് പോകാറുണ്ടായിരുന്നത്.ഒരിക്കല്‍ അമ്മയും ഞാനും ഡോക്ടറെ കണ്ട് മടങ്ങവേ ഗേറ്റിനടുത്തെത്തിയപ്പോള്‍ പുറകില്‍ നിന്നും ഒരു കൈകൊട്ട്. ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഡോക്ടറാണ്. കാണാന്‍ വന്ന രോഗികള്‍ ചുറ്റുമുണ്ട്.

‘ ഇരുപത്തഞ്ച് രൂപ കൂടി വേണം… ഫീസ് കൂട്ടി ‘

അത്രയും പേരുടെ മുന്നില്‍ വെച്ച് അത് പറഞ്ഞപ്പോഴാകണം, അമ്മയുടെ മുഖം വിളറി വെളുത്തു.അമ്മ തിടുക്കത്തില്‍ പേഴ്‌സ് തുറന്ന് പൈസയെടുത്ത് ഡോക്ടര്‍ക്കു നേരെ നടന്നു.

‘അറിഞ്ഞില്ല ” എന്നോ മറ്റോ ആയിരിക്കണം അമ്മ പറഞ്ഞത്. അതിനു മറുപടിയായി അയാള്‍ വാതിലിനു മുകളില്‍ ഒട്ടിച്ചിരിക്കുന്ന കടലാസിനു നേര്‍ക്ക് വിരല്‍ ചൂണ്ടി. അവിടെ പുതുക്കിയ ഫീസെഴുതിയിരിക്കണം.

പൈസ വാങ്ങി ഡോക്ടര്‍ അകത്തേക്കു നടന്നു. തലകുനിച്ച് അമ്മ പുറത്തേക്കും.

‘ എന്തൊരു മനുഷ്യനാണ്‍’ എന്ന് പിറുപിറുത്താണ് അമ്മ ബസ് സ്റ്റോപ്പിലേക്ക് എന്നെയും കൂട്ടി നടന്നത്.വീട്ടിലെത്തിയപ്പോള്‍ മുതിര്‍ന്നവര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്തിയതോര്‍മ്മയുണ്ട്.

പിന്നെ ആ ഡോക്ടറുടെ അടുത്തേക്ക് പോയിട്ടില്ല. പക്ഷേ ഇപ്പോഴും ആ ഡോക്ടറെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ആ കൈ കൊട്ടലിന്റെ ശബ്ദമാണ്. അമ്മയുടെ പതര്‍ച്ചയാണ്.

ഒന്നു രണ്ടു വര്‍ഷം മുന്‍പ്, കൈത്തണ്ടയില്‍ ഒരലര്‍ജി വന്നപ്പോള്‍ നാട്ടിലെ പ്രശസ്തനായ ത്വക് രോഗ വിദഗ്ധനെ കാണാന്‍ പോയത് ഞാനും നിശാന്തും കൂടിയാണ്.നിരവധി പേര്‍ കാണാനെത്തുന്ന ഡോക്ടറാണ്. കുറേപ്പേര്‍ കാത്തിരിപ്പുണ്ട്. റിസപ്ഷനിലിരിക്കുന്ന പെണ്‍കുട്ടി ഞങ്ങളെ അടുത്തേക്കു വിളിച്ചു.

‘വേഗം കാണണോ? ‘

‘ഏ?”

എനിക്ക് കാര്യം മനസ്സിലായില്ല.

‘ പെട്ടെന്ന് കാണണമെങ്കില്‍ 400 രൂപ. അല്ലെങ്കില്‍ 200. ‘

എന്തു വേണമെന്ന മട്ടില്‍ നിശാന്ത് എന്നെ നോക്കിയപ്പോഴേക്കും ഞാനവരോട് പറഞ്ഞു:

‘ പെട്ടെന്ന് കാണണ്ട !’

ഫീസ് കൊടുത്തപ്പോള്‍ നമ്പറെഴുതിയ ഒരു കടലാസും ഒപ്പം ഒരു നോട്ടീസും കിട്ടി. അവിടെയുള്ള കസേരയിലിരുന്നപ്പോഴാണ് ഞാനാ നോട്ടീസ് വായിച്ചത്.അതില്‍ കുറേ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.
‘വട്ടച്ചൊറിയുണ്ടെങ്കില്‍ നിങ്ങളത് ഏറ്റവും വേണ്ടപ്പെട്ടവരോട് പറയാന്‍ മടിക്കരുത്. ചൊറിച്ചിലുള്ള ഭാഗത്ത് കൈ കൊണ്ടു നിങ്ങള്‍ സ്പര്‍ശിക്കുന്നത് രോഗം വര്‍ദ്ധിപ്പിക്കാനിടയുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്താന്‍ അതുപകരിക്കും” എന്ന നിര്‍ദ്ദേശം വായിച്ചപ്പോള്‍ എനിക്ക് ചിരിയടക്കാനായില്ല. ഞാനത് ചൂണ്ടിക്കാട്ടിയപ്പോള്‍ നിശാന്ത് ചിരിയമര്‍ത്തി പറഞ്ഞു.

‘ ചിരിക്കാണ്ടിരിക്ക്.ആളുകള്‍ ശ്രദ്ധിക്കും”

ശരിയാണ്. ഇത്തരം സ്ഥലങ്ങളില്‍ നിസ്സംഗതയുടേയും ജീവിത നൈരാശ്യത്തിന്റേയും മുഖാവരണമണിഞ്ഞാണ് നമ്മളും ഇരിക്കേണ്ടത്. ഞാനും ഗൗരവത്തിലായി.

ഏത് മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണ് മരുന്നുകള്‍ വാങ്ങേണ്ടതെന്ന് അതില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.മരുന്നു വാങ്ങിയതിന്റെ രസീപ്റ്റ് അടുത്ത തവണ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവുമുണ്ട്.

കുറേക്കഴിഞ്ഞാണ് ഡോക്ടറെ കാണാന്‍ കഴിഞ്ഞത്. ഒട്ടും ആര്‍ദ്രതയില്ലാത്ത കണ്ണുകളോടെ അയാള്‍ ഞങ്ങളെ നോക്കി.

‘ആര്‍ക്കാ ?’ എന്ന ചോദ്യം കേട്ടപ്പോള്‍ നിശാന്ത് എനിക്കു നേരെ വിരല്‍ ചൂണ്ടി.

ഞാനാ കസേരയിലിരുന്നു.

‘ ഊം? ‘ എന്നൊരു പുരികമുയര്‍ത്തല്‍ .

ഞാനെന്റെ കയ്യിലെ വൃത്താകൃതിയിലെ അടയാളം കാട്ടിക്കൊടുത്ത് പറയാനാരംഭിച്ചപ്പോഴേക്കും അയാളത് അലക്ഷ്യമായി ഒന്ന് നോക്കി ചോദിച്ചു.

‘എത്ര നാളായി? ‘

‘ഒന്ന് രണ്ട് മാസായി ‘ എന്ന് ഞാന്‍ പറഞ്ഞതും ‘രണ്ട് മൂന്നാഴ്ചയായിക്കാണു”മെന്ന് നിശാന്ത് പറഞ്ഞതും ഒരേ സമയത്തായിരുന്നു.

ഡോക്ടര്‍ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി.

‘രണ്ടാളും കൂടി ആദ്യം ഒരു തീരുമാനത്തിലെത്ത് !’

‘ആരോഗ്യനികേതന ‘ത്തിലെ ജീവന്‍ മശായ് എന്റെയുള്ളില്‍ക്കിടന്നു തിളച്ചുമറിഞ്ഞു.ആ പുസ്തകം വാങ്ങി ഇയാള്‍ക്കയച്ചുകൊടുത്താലോ എന്നാണ് ആ സമയത്ത് എനിക്കു തോന്നിയത്. രോഗികളോട് പെരുമാറാന്‍ പഠിക്കട്ടെ ആദ്യം.

പിന്നെ സംസാരിച്ചതു മുഴുവന്‍ നിശാന്താണ്. എന്റെ ഒരസുഖോം ഇയാള് മാറ്റണ്ടാന്ന ചിന്തയോടെ ഞാനെന്റെ പ്രതിഷേധം മുഴുവന്‍ അടക്കിപ്പിടിച്ച് അവിടെയിരുന്നു.

അയാള്‍ മരുന്നുകളുടെ നീണ്ട ലിസ്റ്റെഴുതി ഞങ്ങള്‍ക്കുനേരെ നീട്ടി.

‘വാങ്ങേണ്ട മെഡിക്കല്‍ ഷോപ്പറിയില്ലേ?’ എന്ന ചോദ്യത്തിന് മറുപടി പറയാതെ ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു.

നിശാന്ത് പുറത്തേക്ക് വന്നപ്പോള്‍ ആ ലിസ്റ്റ് വാങ്ങി.

‘ എന്തേ?’

‘ഒന്നൂല്ല.ഞാന്‍ വാങ്ങിച്ചോളാ’

‘ പോണ വഴിക്ക് വാങ്ങാം ”

‘ വേണ്ട. നേരം വൈകി. വീട്ടിലേക്ക് പോകാം ‘

* * * *

പരിചയപ്പെട്ട എല്ലാ ഡോക്ടര്‍മാരും ഇങ്ങനെയായിരുന്നില്ല.സ്‌നേഹാര്‍ദ്രമായ മുഖത്തോടെ ഗര്‍ഭകാലത്ത് പരിചരിച്ച എലിസബത്ത് ഡോക്ടറും ബെറ്റ്‌സി ഡോക്ടറും അനിത ഡോക്ടറും മക്കള്‍ക്കസുഖം വരുമ്പോള്‍ ആശ്വാസവാക്കുകളുമായി ഉള്ളില്‍ ലേപനം പുരട്ടിയ സുനില്‍ഡോക്ടറും ജോസ് ഡോക്ടറുമൊക്കെ മനസ്സിലുണ്ട്.

‘ പത്തുരൂപാ ഡോക്ടര്‍ ‘ എന്ന് വിളിപ്പേരുള്ള ഡോ.തുളസി മരിച്ച വാര്‍ത്ത ഇന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അവരെ കണ്ടിട്ടില്ല. പക്ഷേ അവരെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. മുപ്പതുവര്‍ഷത്തോളമായി വീടിനോടു ചേര്‍ന്ന് പട്ടിക്കാട് പീച്ചി റോഡില്‍അവര്‍ നടത്തിവരുന്ന ക്ലിനിക്കിനെപ്പറ്റി വായിച്ചിട്ടുണ്ട്. പത്തു രൂപയുമായി അവരുടെയടുത്ത് ചെയ്യുന്ന സാധുക്കളെപ്പറ്റി കേട്ടിട്ടുണ്ട്. പാണഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ഡോക്ടര്‍ ട്രെയിനില്‍ നിന്നു മോഷ്ടാക്കളുടെ ആക്രമണത്തില്‍ പുറത്തേക്ക് തെറിച്ച് വീണാണ് മരിച്ചതെന്ന് കേള്‍ക്കുന്നു. വിശദാംശങ്ങളറിയില്ല.

അവരെന്റെ ആരുമല്ലാതിരുന്നിട്ടു കൂടി അവരീ ഭൂമിയില്‍ കുറേക്കാലം കൂടി ഉണ്ടാകണമായിരുന്നെന്ന തോന്നല്‍ ശക്തമാകുന്നു..

അവരെപ്പോലുള്ളവര്‍ എത്ര പേരുടെ ആശ്വാസവും അഭയവുമായിരുന്നു!

എത്ര വിലപ്പെട്ട ഒരു ജീവനാണ് നഷ്ടപ്പെട്ടത്..

നമ്മുടെ ട്രെയിനുകളില്‍ യാത്രക്കാര്‍ ഇപ്പോഴും സുരക്ഷിതരല്ല.. കുറേക്കൂടി സുരക്ഷാ ക്രമീകരണങ്ങള്‍ ഇത്തരമിടങ്ങളില്‍ ഒരുക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കു കൂടി ഈ വിയോഗം വിരല്‍ ചൂണ്ടുന്നുണ്ട്.

പ്രിയപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു.

Top