ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫേസ്ബുക്ക് ഔദ്യോഗികമായി ആരംഭിച്ചു

fb

വാര്‍ത്താ മാധ്യമങ്ങള്‍ക്കും, പരസ്യരംഗത്തുളളവര്‍ക്കും ന്യൂസ് ഫീഡും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫേസ്ബുക്ക് ഔദ്യോഗികമായി ആരംഭിച്ചു. ന്യൂസ് ഫീഡില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ അറിയാം എന്നതാണ് ഇതിന്റ പ്രത്യേകത.

നിലവില്‍ ലിങ്ക് ഷെയര്‍ ചെയ്യാന്‍ മാത്രമാണ് ഫേസ്ബുക്കില്‍ സംവിധാനമുള്ളത്. കൂടുതല്‍ ഉപയോക്താക്കളെ കിട്ടുന്നതില്‍ ഉപരി ഫേസ് ബുക്കിന് ഇതുവഴി കൂടുതല്‍ വരുമാനം ലഭിക്കും.

ഇന്‍സ്റ്റന്റ് സംവിധാനത്തില്‍ തങ്ങളുടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമങ്ങളുടെ വരുമാനം രണ്ട് രീതിയിലാണ് ഫേസ്ബുക്ക് നല്‍കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തയോടപ്പം മാധ്യമങ്ങള്‍ക്ക് പരസ്യം ചെയ്യാം. അത് അല്ലെങ്കില്‍ ഗൂഗിള്‍ പരസ്യമോഡലില്‍ ഫേസ്ബുക്ക് പരസ്യം നല്‍കും, ഇതിന്റെ വരുമാനത്തില്‍ 30 ശതമാനം പക്ഷെ ഫേസ്ബുക്കിന് അവകാശപ്പെട്ടതാണ്. അതായത് പബ്ലിഷര്‍ക്ക് ഗൂഗിളിനേക്കാള്‍ മികച്ച അവസരമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. എന്നാല്‍ ഇത് ഒരു ചൂണ്ടയാണെന്ന് കരുതുന്നവരും കുറവല്ല. ഫേസ്ബുക്ക് എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ മുഴുവന്‍ സമയ ‘ഡെസ്റ്റിനേഷന്‍’ ആക്കുക എന്നതാണ് ഫേസ്ബുക്ക് ആഗ്രഹിക്കുന്നത്.

നിലവിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പോയി വാര്‍ത്തകള്‍ വായിക്കുന്നതിനേക്കാള്‍ പത്തിരട്ടി വേഗത്തില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ വഴി സാധിക്കും എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ആദ്യഘട്ടത്തില്‍ ഐഫോണ്‍ ഫേസ്ബുക്ക് ആപ്ലികേഷന്‍ ഉപയോക്താക്കള്‍ക്ക് ഇന്‍ഫോഗ്രാഫുകള്‍ അടക്കം മള്‍ട്ടിമീഡിയന്യൂസുകള്‍ തന്നെ ന്യൂസ് ഫീഡില്‍ കിട്ടും.

Top