കാന്‍വാസ് നൈറ്റ് 2 എന്ന പേരില്‍ മൈക്രോമാക്‌സ് തങ്ങളുടെ ആദ്യ 4ജി ഫോണ്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. 16,299 രൂപയാണ് വില. അതേ ദിവസം തന്നെ അതിലും കുറഞ്ഞ വിലയ്ക്ക് 4ജി ഫോണ്‍ ഇറക്കിക്കൊണ്ട് ഇന്‍ടെക്‌സ് ഏവരെയും അദ്ഭുതപ്പെടുത്തി. അക്വ 4ജി പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 9,499 രൂപയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന ഫോണ്‍ ഈയാഴ്ച മുതല്‍ റീട്ടെയ്ല്‍ ഷോറൂമുകളിലെത്തും.
720X1280 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ച് ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് അക്വ 4ജി പ്ലസിനുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള ഡ്രാഗണ്‍ട്രെയില്‍ ഗ്ലാസ് കൊണ്ടു നിര്‍മിച്ച സ്‌ക്രീനാണിത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണുള്ളത്. കണക്ടിവിറ്റിക്കായി 4ജി എല്‍ടിഇ, വൈഫൈ, ജി.പി.എസ്., ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി. എന്നീ സംവിധാനങ്ങള്‍ ഫോണിലുണ്ട്. 2300 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിന് വേണ്ട ഊര്‍ജം പകരുന്നത്.
1.3 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ മീഡിയാടെക് എംടി6735 പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിങ്ങനെയാണ് ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാം.
മലയാളമടക്കമുള്ള 21 ഇന്ത്യന്‍ ഭാഷകളെ ഫോണ്‍ പിന്തുണയ്ക്കുമെന്ന് ഇന്‍ടെക്‌സ് പറയുന്നു.


