കാഠ്മണ്ടു: ഇന്ത്യ മുന്നോട്ട് വച്ച മൂന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍ പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിട്ട് ഒരു ദിവസം ആയപ്പോഴേക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും കൂടിക്കാഴ്ച്ച നടത്തി. സാര്‍ക്ക് ഉച്ചകോടിയുടെ സമാപന ദിവസമായിരുന്നു ഇരുവരും അല്‍പ്പനേരം കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്നലെ ശത്രുക്കളെ പോലെ പെരുമാറിയിരുന്ന ഇവര്‍ ഇന്ന് പരസ്പരം കൈകൊടുത്ത ശേഷം അല്‍പ്പ നേരത്തേക്ക് മാത്രമാണ് കൂടിക്കാഴ്ച്ച നടത്തിയത്. അതേസമയം, ഇരു നേതാക്കളും തമ്മില്‍ സുപ്രധാനകാര്യങ്ങളില്‍ ചര്‍ച്ച നടത്തണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള പറഞ്ഞു.
ഇന്നലെ അടുത്തിടപഴകേണ്ട സാഹചര്യമുണ്ടായിരുന്നിട്ട് പോലും ഇരു നേതാക്കളും മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല. ഇരുവരുടെയും സ്ഥാനം ഒരേ ടേബിളില്‍ തന്നെയായിരുന്നെങ്കിലും ശത്രുക്കളെ പോലെയായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഡിന്നര്‍ സമയത്ത് ഇരുവരും ഒരേ നിരയിലായിരുന്നുവെന്നും എന്നാല്‍ രണ്ട് പേരും വേറെ ആള്‍ക്കാരോട് ചാറ്റ് ചെയ്യുകയായിരുന്നുവെന്നും ഒരു നയതന്ത്രജ്ഞന്‍ വ്യക്തമാക്കി.
നവാസ് ഷരീഫ് നേരത്തേ നിശ്ചയിച്ച സമയത്തേക്കാള്‍ നേരത്തേ കാഠ്മണ്ടുവില്‍ നിന്ന് യാത്രയാകും. നേപ്പാള്‍ പ്രസിഡന്റുമായുള്ള മീറ്റിംഗും വിരുന്നും അദ്ദേഹത്തിന് നഷ്ടമാകും.


