ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധിയുടെയും രാജിവ് ഗാന്ധിയുടെയും മുഖചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തീരുമാനം വ്യക്തിപരമായ പകപോക്കലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ പകപോക്കല്‍ അതിന്റെ ഔന്നത്യത്തില്‍ എത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുരജ്‌വാല കുറ്റപ്പെടുത്തി.
മുന്‍ പ്രധാനമന്ത്രിമാരുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പുരസ്‌കാരങ്ങളുടെ പേരിലും സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന് അദേഹം ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്കുപുറമെ, ഹോമി ജെ ഭാഭ, ജെ.ആര്‍.ഡി. ടാറ്റ, സി.വി. രാമന്‍, സത്യജിത് റായ് എന്നിവരുടെയും പേരുകളും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ദിരയുടെയും രാജീവിന്റെയും ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2008 ലാണ് ആദ്യമായി പുറത്തിറക്കിയത്. ‘ബില്‍ഡേഴ്‌സ് ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന സീരിസിന്റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
എന്നാല്‍, ഇതില്‍ വ്യത്യാസം വരുത്തി ‘മേയ്‌ക്കേഴ്‌സ് ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന സീരീസ് ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇവരുടെ പേരിലുള്ള സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മ ഗാന്ധി, ബി.ആര്‍. അംബേദ്കര്‍, മദര്‍ തെരേസ എന്നിവരുടെ പേരിലുള്ള സ്റ്റാമ്പുകള്‍ തുടരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
അതേസമയം, ശ്യാമ പ്രസാദ് മുഖര്‍ജി, ഡീന്‍ ദയാല്‍ ഉപധ്യായ, നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ശിവജി, മൗലാനാ ആസാദ്, ഭഗത് സിങ്, ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, സ്വാമി വിവേകാനന്ദന്‍, മഹാറാണാ പ്രതാപ് മുതലായവരുടെ പേരിലും പുതിയ സീരീസിന്റെ ഭാഗമായി സ്റ്റാമ്പുകളിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, ഇതില്‍ വിവാദമാക്കാന്‍ ഒന്നുമില്ലെന്നും പുതിയ വ്യക്തികളെ അവതരിപ്പിക്കുന്നതും ചിലരെ ഒഴിവാക്കുന്നതും നാളുകളായി തുടര്‍ന്നുവരുന്ന രീതിയാണെന്നും സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.


