ഇന്ത്യ -പാക്ക് ചര്‍ച്ച റദ്ദാക്കല്‍; പരാതിയുമായി പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു

ഇസ്ലാമാബാദ്‌: ഇന്ത്യ-പാക് ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാന്‍ യു.എന്നിനെ സമീപിച്ചു. കശ്മീര്‍ വിഷയത്തെപ്പറ്റിയും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെപ്പറ്റിയും പാക്കിസ്ഥാന്‍ യു.ന്നെിനെ അറിയിച്ചിട്ടുണ്ട്. യു.എന്നിലെ സ്ഥിരം ക്ഷണിതാവായ മലീഹ ലോധിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഇതെന്ന് ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയ്ക്കു മുന്‍പായി ഇന്ത്യ മുന്‍കൂര്‍ വ്യവസ്ഥകള്‍ വച്ചുവെന്നും ഇതാണ് ചര്‍ച്ച റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പാക്കിസ്ഥാന്‍ യു.എന്നിനെ അറിയിച്ചിരിക്കുന്നത്. കശ്മീരിലെയും നിയന്ത്രണരേഖയിലെയും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്ന് നേരത്തെ തന്നെ രാജ്യാന്തര സമൂഹം ആവശ്യപ്പെട്ടിരുന്നു. ഉഫയില്‍ വച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നെടുത്ത തീരുമാനത്തിന് വിരുദ്ധമായിരുന്നു ഇതെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.

അതേസമയം, 1965ല്‍ കശ്മീരില്‍ ജനഹിത പരിശോധന നടത്തേണ്ടെന്ന ഇന്ത്യയുടെ തീരുമാനത്തെ യു.എസ് പിന്തുണച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന രഹസ്യരേഖകള്‍ പുറത്തായി. ഇന്ത്യ പാക്ക് യുദ്ധത്തിന്റെ സമയത്ത് നിരുപാധികമായ വെടിനിര്‍ത്തലിന് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സണിനെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി കത്തിലൂടെ അറിയിച്ചിരുന്നു. 1965 സെപ്റ്റംബര്‍ 16ന് അയച്ചിരിക്കുന്ന ഈ കത്തില്‍ 1948ലെ യുഎന്‍ പ്രമേയം ജനഹിതപരിശോധനയെ പിന്തുണയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധത്തില്‍ നിന്നു പിന്മാറുന്നതിന് തയാറാണെന്നും എന്നാല്‍ കശ്മീര്‍ വിട്ടുനല്‍കില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ശാസ്ത്രി യുഎസിനു കത്തയച്ചത്. പാക്കിസ്ഥാനാണ് യുദ്ധത്തിനു കാരണക്കാരെന്ന് ഇസ്‌ലാമാബാദിനെ യുഎസ് അംബാസഡര്‍ വാള്‍ട്ടര്‍ പാട്രിക് മക്‌നൗട്ടി പറഞ്ഞിരുന്നു. ചൈനയ്‌ക്കെതിരെ പ്രയോഗിക്കുന്നതിനായി യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണത്തിന് കശ്മീരിലേക്ക് കടന്ന് തുടക്കമിട്ടത് പാക്കിസ്ഥാന്‍ ആയിരുന്നുവെന്ന് മക്‌നൗട്ടി പറഞ്ഞിരുന്നു.

Top