ഇന്ത്യാ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജമ്മു കശ്മീരില്‍ നിരപരാധികളായ ഗ്രാമീണരെ പാക്കിസ്താന്‍ കൊന്നു തള്ളുന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിരപരാധികളായ ഗ്രാമീണരെ കൊന്നു തള്ളുന്നതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്താനുമായി ചര്‍ച്ച തുടരണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മനീഷ് തിവാരി പറഞ്ഞു. അതിര്‍ത്തിയിലെ പ്രകോപനം അവസാനിപ്പിക്കാതെ പാക്കിസ്താനുമായി ഒരു തരത്തിലുള്ള ചര്‍ച്ചയുടെയും ആവശ്യമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.

രണ്ട് ദിവസമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ആറായത്. ഗ്രാമീണര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഓഗസ്റ്റ് 9ന് ശേഷം പാക്കിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്.

Top