ഇന്ത്യയ്ക്ക് ചൈനയെ പോലെയാകേണ്ട, നഷ്ടപ്രതാപം വീണ്ടെടുത്താല്‍ മതി: മോഡി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചൈനയെ പോലെയാകേണ്ടെന്നും നഷ്‌പ്പെട്ടു പോയ പ്രതാപം വീണ്ടെടുത്താല്‍ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.  സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇന്ത്യ പഴയ പ്രതാപം തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചത്.

ഇപ്പോള്‍ ഏഷ്യയുടെ യുഗമാണ്. ചൈനയും ഇന്ത്യയും ഒരേപോലെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ നല്ല നാളുകളെ കുറിച്ച് ഓര്‍മിച്ചെടുത്ത മോഡി ഇന്ത്യയ്ക്ക് വേറെയൊന്നുമാകേണ്ട. ഇന്ത്യയായാല്‍ മതിയെന്നും പറഞ്ഞു. നമ്മള്‍ നല്ല നാളുകളില്‍ നിന്ന് താഴേയ്ക്ക് പോയി. പക്ഷേ, ഇപ്പോള്‍ നഷ്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള സമയമാണെന്നും മോഡി വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷമെടുത്തു നോക്കുകയാണെങ്കില്‍ ഇന്ത്യയും ചൈനയും ഒരേ പോലെയാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഗ്ലോബല്‍ ജി.ഡി.പിയിലേക്കുള്ള സംഭാവനയും സമാന്തരമായാണ്. ഇത് ഏഷ്യയുടെ യുഗമാണെന്ന് മോഡി ഊന്നി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളിലും അവരുടെ കഴിവുകളിലും നല്ല വിശ്വാസം എനിക്കുണ്ട്.  ഇന്ത്യക്കാര്‍ നല്ല കഴിവുള്ളവരാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

Top