ഇന്ത്യയുടെ മകള്‍ പ്രദര്‍ശിപ്പിച്ച കേതന്‍ ദീക്ഷിത് അറസ്റ്റില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധനം അവഗണിച്ച് ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സാമൂഹിക പ്രവര്‍ത്തകന്‍ കേതന്‍ ദീക്ഷിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ മുകേഷ് സിങ്ങിന്റെ സ്വദേശമായ ഡല്‍ഹിയിലെ ആര്‍കെ പുരത്തെ രവിദാസ് ക്യാംപിലാണു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കോടതി ഉത്തരവ് മറികടന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ദീക്ഷിത്തിനെ സഹായിച്ച വ്യക്തികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നു പൊലീസ്. ആര്‍കെ പുരം പൊലീസാണു കേസന്വേഷിക്കുന്നത്. ആസിഡ് ആക്രമണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ തലവനാണു കേതന്‍ ദീക്ഷിത്. എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ഡോക്യുമെന്ററി എന്നു കരുതിയാണു പ്രദര്‍ശിപ്പിച്ചതെന്നു കേതന്‍.
ഡോക്യുമെന്ററി വിവാദമായതിനെത്തുടര്‍ന്ന് രാജ്യത്ത് ഇതിന്റെ പ്രദര്‍ശനം കോടതിയും കേന്ദ്രസര്‍ക്കാരും നിരോധിച്ചിരുന്നു. രവിദാസ് ക്യാംപിലെ അമ്പതോളം പേര്‍ ഡോക്യുമെന്ററി കണ്ടുവെന്നാണു റിപ്പോര്‍ട്ട്. ഇംഗ്ലിഷ് ഭാഷയില്‍ ആയിരുന്നതിനാലും ശബ്ദം വ്യക്തമല്ലാത്തതിനാലും കുറെ പേര്‍ പിന്‍മാറി. ഇതേത്തുടര്‍ന്ന് സംഘാടകര്‍ സംഭാഷണങ്ങള്‍ ഹിന്ദിയിലേക്ക് മൊഴി മാറ്റിനല്‍കിയിരുന്നു. പ്രൊജക്റ്റര്‍ ഉപയോഗിച്ചായിരുന്നു പ്രദര്‍ശനം. ആഗ്രയിലെ ഒരു ഗ്രാമത്തിലും ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

Top