ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ സ്വര്‍ണ കള്ളക്കടത്തിന്റെ തോത് ഏറ്റവും ഉയര്‍ന്നനിലയില്‍. ഒരുവര്‍ഷത്തിനിടെ കസ്റ്റംസും പൊലീസും പിടികൂടിയത് 1000 കോടി രൂപയുടെ സ്വര്‍ണം.
2014-2015ല്‍ 3,500 കിലോ സ്വര്‍ണം പിടികൂടിയെന്നാണ് കസ്റ്റംസിന്റെ ഔദ്യോഗികകണക്ക്. ഇതിന് ആയിരംകോടിക്ക് മുകളില്‍ വിലവരും. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍.
2012-2013ല്‍ 350 കിലോ, അതായത് 100 കോടിയുടെ സ്വര്‍ണമാണ് ഇന്ത്യയില്‍ പിടികൂടിയത്. എന്നാല്‍ ഈവര്‍ഷം ഇതില്‍ 900 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്താന്‍ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനംവരെ നികുതി വര്‍ധിപ്പിച്ചതാണ് കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണം. കള്ളക്കടത്ത് സംഘങ്ങള്‍ വ്യത്യസ്തവഴി സ്വീകരിക്കുന്നതാണ് സ്വര്‍ണ കടത്ത് വര്‍ധിക്കാനുള്ള മറ്റൊരു കാരണം.
നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായി. വര്‍ഷത്തില്‍ 80 മുതല്‍ 100 കിലോ സ്വര്‍ണമാണ് ഇവിടെനിന്ന് പിടികൂടാറ്. എന്നാല്‍ 2013-2014നെ അപേക്ഷിച്ച് ഇത് ഇരട്ടിയായി.
ഇറക്കുമതി നികുതി വര്‍ധിച്ചതോടെ കള്ളക്കടത്ത് സംഘങ്ങള്‍ ദുബൈ, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സ്വര്‍ണം നേപ്പാളിലത്തെിക്കും. ഇവിടെനിന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. കസ്റ്റംസ് നിരീക്ഷണം കുറവായതാണ് നേപ്പാളില്‍നിന്ന് സ്വര്‍ണം കടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കള്ളക്കടത്ത് സംഘത്തലവന്‍ അടുത്തിടെ ഭൂകമ്പത്തില്‍ മരിച്ചതിനെതുടര്‍ന്ന് നേപ്പാളില്‍നിന്ന് കടത്ത് കുറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ കടത്ത് വര്‍ധിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മണിപ്പൂരിലെ മുറെ അതിര്‍ത്തി, ഗുജറാത്തിലെ കട്‌ല തുറമുഖം, പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖ വഴികള്‍, ദുബൈ, തായ്‌ലന്‍ഡ് വിമാനത്താവളങ്ങള്‍ എന്നിവയിലൂടെയും ഇന്ത്യയിലേക്ക് വ്യാപകമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


