ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയ അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേത്‌

കൊലാലംപൂര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് കഴിഞ്ഞദിവസം ലഭിച്ച വിമാനഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരണം.

ആഫ്രിക്കന്‍ തീരത്തെ റീയൂണിയന്‍ ദ്വീപില്‍നിന്നാണ് വിമാനച്ചിറകിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്. ഇത് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സായ ‘എം.എച്ച്. 370’ വിമാനത്തിന്റെ അവശിഷ്ടം തന്നെയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വ്യക്തമാക്കി. വിദഗ്ധസംഘം നടത്തിയ വിശദപരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോലാലംമ്പുരില്‍നിന്ന് ബീജിങ്ങിലേക്ക് 239 യാത്രക്കാരുമായി പറന്ന വിമാനം 2014 മാര്‍ച്ചിലാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വിമാനത്തിനായി തിരച്ചില്‍ ശക്തമാക്കിയിരുന്നെങ്കിലും യാതൊരുസൂചനയും കിട്ടാത്തതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ സംഘം തിരച്ചില്‍നടത്തി പിന്‍വാങ്ങിയ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍നിന്ന് 3,700 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടം കണ്ടെത്തിയ റീയൂണിയന്‍ ദ്വീപ്.

Top