ഇന്ത്യന്‍ ബൗളിങ്ങിനെ അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക ബാറ്റ്‌സ്മാന്‍മാര്‍

കൃഷ്ണഗിരി (വയനാട്): വയനാട്ടില്‍ ദക്ഷിണാഫ്രിക്ക ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളിങ്ങിനെ അടിച്ചൊതുക്കി. ഇന്ത്യ ‘എ’ ടീമിനെതിരായ ചതുര്‍ദിന മത്സരത്തിന്റെ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ‘എ’ നാലു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു.

ഓംഫീല്‍ റമേലയുടെ സെഞ്ച്വറിയും (112) ഓപ്പണര്‍ റീസ ഹെന്റിക്‌സ് (50), തേംബ ബവുമ (55 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബവുമയോടൊപ്പം പുറത്താവാതെ നില്ക്കുന്നത് ഡെയ്ന്‍ പീഡിറ്റ്(0) ആണ്.

ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയെ അനുഗ്രഹിച്ചപ്പോള്‍ മുനയും മൂര്‍ച്ചയുമില്ലാത്ത ബൗളിങ് ഇന്ത്യയെ തളര്‍ത്തി. പേസര്‍മാരായ അഭിമന്യു മിഥുന്‍, ഈശ്വര്‍ പാണ്ഡെ, വിജയ് ശങ്കര്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ആതിഥേയരുടെ ആക്രമണനിരയിലുണ്ടായിരുന്നത്. ഓപ്പണര്‍മാരായ ഹെന്റിക്‌സും വാന്‍ സൈലും കരുതലോടെ തുടങ്ങി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി മുന്നേറുകയായിരുന്നു. ഓപ്പണിങ് സഖ്യം 60 റണ്‍സ് നേടിയാണ് പിരിഞ്ഞത്.

മൂന്നാം ഓവറില്‍ ഹെന്റിക്‌സിന്റെ ബാറ്റില്‍നിന്ന് ആദ്യ ബൗണ്ടറി വന്നു. പേസിന് അനുകൂലമല്ലെന്ന് മനസ്സിലായതോടെ ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു 9ാം ഓവറില്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെയും 13ാം ഓവറില്‍ ജയന്തിനെയും കൊണ്ടുവന്നെങ്കിലും ഏശിയില്ല. ലെഗ്‌സ്പിന്നര്‍ ജയന്ത് എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ വാന്‍ സൈല്‍ (28)പുറത്തായി. കവറില്‍ റായുഡു ക്യാച്ചെടുത്തു.

അര്‍ധ സെഞ്ച്വറി നേടിയ ഹെന്റിക്‌സിന്റേതായിരുന്നു അടുത്ത ഊഴം. 86 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ച് ഹെന്റിക്‌സ് 50 തികച്ചയുടന്‍ പാണ്ഡെയ്ക്ക് വിക്കറ്റു സമ്മാനിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 102 റണ്‍സ് എടുത്തിരുന്നു.

ഡി ബ്രൂയിനും (38) റമേലയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തു. ഇതിനിടെ മഴ പെയ്തു. 44ാം ഓവറില്‍ കളി നിര്‍ത്തി. കളി പുനരാരംഭിച്ച് അധികം താമസിയാതെ ഡി ബ്രൂയിന്‍ ഓഫ്‌സ്പിന്നര്‍ അക്ഷറിന്റെ പന്തില്‍ മടങ്ങി. പിന്നീടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ സുവര്‍ണഘട്ടം. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റമേലയും ബവുമയും ബൗളര്‍മാരെ ശരിക്കും കുഴക്കി. സെഞ്ച്വറി കൂട്ടുകെട്ടും (136 റണ്‍സ്) ഉയര്‍ത്തി. റമേല സെഞ്ച്വറി തികച്ചതും ബവുമ 50 പിന്നിട്ടതും ഈ വേളയിലാണ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ റമേലയുടെ അഞ്ചാം സെഞ്ച്വറിയും വയനാട് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏഴാം സെഞ്ച്വറിയുമാണിത്. ബവുമയുടേത് കരിയറിലെ 19ാം അര്‍ധസെഞ്ച്വറിയാണ്.

192 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സറുമടങ്ങുന്നതാണ് റമേലയുടെ ഇന്നിങ്‌സ്. 96ല്‍ നില്‍ക്കേ സിക്‌സറടിച്ചായിരുന്നു സെഞ്ച്വറി ആഘോഷം. വീണ്ടും ഒരു സിക്‌സര്‍ കൂടി അടിച്ച റമേലയെ കളി അവസാനിക്കാന്‍ നാലു പന്ത് ബാക്കിനില്‌ക്കെ, മടക്കാനായതാണ് ഇന്ത്യന്‍ സംഘത്തിന് ഏറെ ആശ്വാസം പകര്‍ന്നത്. ക്വിന്റണ്‍ ഡി കോക്ക് അടക്കമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇറങ്ങാനിരിക്കേ, ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിന്റെ പാതയിലാണ്.

Top