ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നാല് ഇന്ത്യന്‍ സ്വദേശികളെ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഗോപീകൃഷ്ണ, ബല്‍റാം, ലക്ഷമീകാന്ത്, വിജയ് കുമാര്‍ എന്നിവരെയാണ് ബന്ദികളാക്കിയിരിക്കുന്നത്.
നാല് പേരും സിര്‍ത്ത് സര്‍വകലാശാലയിലെ അദ്ധ്യാപകരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളു.
അമേരിക്കക്കുനേരെ അല്‍ഖ്വെയ്ദ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയിലും ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകരര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ലിബിയയില്‍ നാലു ഇന്ത്യക്കാരെ തട്ടികൊണ്ടുപോയത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐ.ബി എന്നിവരെ ഞെട്ടിച്ചിരിക്കുകയാണ്.
സ്ഥിതിഗതികള്‍ വിലയിരുത്തുനന്നതിനായി പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍ രഹസ്യ ഏജന്‍സി തലവന്‍മാരുമായി ചര്‍ച്ച നടത്തി.
ഒറ്റയാള്‍ ആക്രമണമായിരിക്കും ഇന്ത്യയിലും നടത്തുകയെന്നാണ് ചൊവ്വാഴ്ച അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നത്.
ആക്രമണം നടത്താന്‍ പാകിസ്താന്‍, അഫ്ഗാന്‍ താലിബാന്‍ എന്നിവയില്‍നിന്നുള്ള ഭീകരനുവേണ്ടി അന്വേഷണവും ഐ.എസ് നടത്തുന്നുണ്ടത്രെ. ആഭ്യന്തര റിക്രൂട്ടിങ് രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടത്തെലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാക് താലിബാനുമായി ബന്ധമുള്ള പാകിസ്താന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 32 പേജുള്ള ഉര്‍ദുവിലുള്ള രേഖകളാണ് അമേരിക്കന്‍ ഏജന്‍സി പഠനവിധേയമാക്കിയത്.
ഖലീഫമാരുടെ ഇസ്ലാമിക ഭരണത്തിന്റെ ചെറുചരിത്രമെന്ന പേരില്‍ കണ്ടെത്തിയ രേഖയില്‍ തീയതി വ്യക്തമാക്കിയിട്ടില്ല.അന്തിമയുദ്ധത്തിനാണ് ഐ.എസ് ഭീകരര്‍ കോപ്പുകൂട്ടുന്നതെന്ന് രേഖകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനെതിരെ അമേരിക്കന്‍ സഖ്യം തിരിച്ചടി നടത്തിയാലും അന്തിമഫലത്തിനായി ലോകത്തെ മുസ്ലിംകള്‍ ഒരുമിച്ചുചേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ ഭാഷാപണ്ഡിതരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ രേഖകള്‍ അമേരിക്കയിലെ റിട്ട. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.


