ഇനി ബാറ്ററി വേണ്ടാത്ത വീഡിയോ കാമറ

ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വീഡിയോ കാമറ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ കെ. നയാരുടെ നേതൃത്വത്തിലാണ് ഒരു സെക്കന്‍ഡില്‍ ഒരു ചിത്രം എന്ന വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമറ വികസിപ്പിച്ചിരിക്കുന്നത്. ബാറ്ററിയുടെ സഹായം ഇല്ലാതെ സ്വയം ഊര്‍ജം സൃഷ്ടിച്ചാണു കാമറയുടെ പ്രവര്‍ത്തനം. വസ്തുവില്‍നിന്നു പ്രതിഫലിക്കുന്ന വെളിച്ചത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണു ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കാമറയെ സഹായിക്കുന്നത്.

ഏതൊരു ഡിജിറ്റല്‍ കാമറയുടെയും ഹൃദയമെന്നു വിശേഷിപ്പിക്കാവുന്നത് അതിന്റെ ഇമേജ് സെന്‍സറുകളാണ്. ഈ കാമറയില്‍ ഇമേജ് സെന്‍സറുകള്‍ക്കു ചിത്രം പകര്‍ത്തുന്നതു കൂടാതെ പ്രകാശത്തെ വൈദ്യുതോര്‍ജമാക്കി മാറ്റേണ്ട കടമ കൂടിയുണ്ട്. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയിലേക്കാണ് ഈ വൈദ്യുതോര്‍ജം ശേഖരിച്ചു സൂക്ഷിക്കുക. ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കാത്ത സമയത്തു ഫോണ്‍, വാച്ച് തുടങ്ങിയവ ചാര്‍ജ് ചെയ്യാനും ഈ കാമറ ഉത്പാദിപ്പിക്കുന്ന കറന്റ് പ്രയോജനപ്പെടുത്താം.

ഡിജിറ്റല്‍ ദൃശ്യസാങ്കേതിക വിദ്യാവിപ്ലവത്തിലൂടെയാണു ലോകം കടന്നുപോകുന്നത്. കഴിഞ്ഞ ഒറ്റ വര്‍ഷം മാത്രം വ്യത്യസ്തമായ 200 കോടി കാമറകളാണു ലോകത്താകമാനം വിറ്റഴിഞ്ഞത്. ചികിത്സാരംഗങ്ങളിലടക്കം വിവിധ മേഖലകളില്‍ ഇന്നു ഡിജിറ്റല്‍ ദൃശ്യസാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ പുറത്തുനിന്ന് ഊര്‍ജം സംഭരിക്കാത്ത കാമറ ഉപയോഗിക്കാന്‍ സാധിക്കുന്നത് ഏറെ സൗകര്യപ്രദമായിരിക്കുമെന്നു കെ. നയാര്‍ പറയുന്നു.

Top