ഇനി ചൈനയില്‍ ഓണ്‍ലൈന്‍ വഴിയുള്ള ചികിത്സയില്ല !

ചൈനയില്‍ ഓണ്‍ലൈന്‍ വഴി ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് വിലക്ക്. രാജ്യത്തെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ഓണ്‍ലൈനിലൂടെ പണംതട്ടുന്ന വ്യാജ ഡോക്ടര്‍മാരെ തടയിടാനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍നെറ്റിലൂടെ ഡോക്ടര്‍മാരോട് ചികിത്സാ നിര്‍ദേശം തേടുന്ന പ്രവണത ചൈനക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുകയാണ്. ചില ആശുപത്രികള്‍ ഓണ്‍ലൈന്‍ ചികിത്സാ വാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് ചില വ്യാജന്‍മാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഇടപ്പെട്ടിരിക്കുന്നത്.

ഇതേസമയം ചികിത്സയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴിയുള്ള ഡോക്ടര്‍മാരുടെയും ആശുപത്രികളുടേയും ആശയവിനിമയം വിലക്കിയിട്ടില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് ആന്റ് ഫാമിലി പ്ലാനിങ്ങ് കമ്മീഷന്‍ വക്താവ് സോംഗ് ഷൂലി പ്രതികരിച്ചു.

ജനുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്ന് ആശുപത്രികള്‍ക്ക് ഓണ്‍ലൈന്‍ വഴി രോഗികള്‍ക്ക് ചികിത്സാ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തെ അഞ്ച് അവികസിത മേഖലകളിലുള്ള രോഗികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിരുന്നത്.

Top