ഇനി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനും ഡ്രോണുകള്‍

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ ഇനി നിയമവിരുദ്ധമായി സംഘം ചേരുന്നവരെ പിരിച്ചിവിടാന്‍ ആളില്ലാ വിമാനങ്ങളും. വര്‍ഗ്ഗീയ കലാപങ്ങള്‍ തുടര്‍ക്കഥയായ പ്രദേശങ്ങളിലാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ യു.പി പോലീസ് ഡ്രോണുകളെ ഉപയോഗിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നിയമപാലനത്തിനായി ആളില്ലാ വിമാനങ്ങളെ ഉപയോഗിക്കുന്നത്.

അഞ്ച് ഡ്രോണ്‍ ക്യാമറകള്‍ ഉത്തര്‍പ്രദേശ് പൊലിസ് വാങ്ങിയ വിവരം യു.പിയിലെ എസ്.പി യഷാസ്‌വി യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ഇവക്കുണ്ട്. ആള്‍ക്കൂട്ടത്തിന് നേരെ കുരുമുളക് സ്‌പ്രേ തളിക്കാനുള്ള സൗകര്യവും ഈ ഡ്രോണുകളിലുണ്ടായിരിക്കും. കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരേഡിലും ലക്‌നൗ മഹോത്സവത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.പി പൊലിസ് ആളില്ലാ ചെറുവിമാനങ്ങളെ ഉപയോഗിച്ചിരുന്നു.

അപ്പോഴെല്ലാം വാടകക്കെടുത്താണ് ഡ്രോണുകളെ ഉപയോഗിച്ചിരുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ വളരെ ഉപയോഗപ്രദമാണെന്ന് കണ്ടതോടെയാണ് ഡ്രോണുകളെ വാങ്ങുന്നതിന് യു.പി സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ അഞ്ച് ഡ്രോണുകളാണ് വാങ്ങുക. ആറ് ലക്ഷം രൂപയാണ് ഡ്രോണുകളുടെ വില. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 600 മീറ്റര്‍ വരെ ഉയരത്തില്‍ ഈ ഡ്രോണുകളെ നിയന്ത്രിക്കാനാകും. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് യു.പിയുടെ ഡ്രോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യുക.

Top