മുംബൈ: സംസ്ഥാനത്ത് പശു, കാള ഒഴികെയുള്ള മൃഗങ്ങള്‍ക്കായുള്ള അറവുശാലകള്‍ നിരോധിക്കില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതുസംബന്ധിച്ചു അഡ്വക്കറ്റ് ജനറലിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നു ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തുള്ള ബീഫ് നിരോധനം മറ്റു മൃഗങ്ങളുടെ കാര്യത്തിലും ഏര്‍പ്പെടുത്താന്‍ സാധ്യതയുണെ്ടന്ന മാധ്യമവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാതലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തു ഘട്ടംഘട്ടമായി എല്ലാ അറവുശാലകളും നിരോധിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ സുനില്‍ മനോഹര്‍ പറഞ്ഞതായുള്ള വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനാണു മഹാരാഷ്ട്രയില്‍ ഭക്ഷണത്തിനായി പശു, കാള എന്നിവയെ കൊല്ലുന്നതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീഫ് വില്‍ക്കുകയോ പാചകം ചെയ്യുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ ലഭിക്കും.


