ഇടുക്കി: നെഞ്ചിന് വെടിയേറ്റ നിലയില്‍ ഇന്നലെ രാത്രി ആശുപത്രിയിലെത്തിച്ച ചെങ്കുളം പവര്‍ഹൗസിലെ സുരക്ഷാജോലിനോക്കിയിരുന്ന പൊലീസുകാരന്‍ മരിച്ചു.
ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കൊന്നത്തടി കമ്പിളികണ്ടം അഞ്ചാംമൈല്‍ മുക്കുടം സ്വദേശി താളപുളിക്കല്‍ ഭാസ്‌കരന്റെ മകന്‍ രാജേഷാണ് (30) മരിച്ചത്.
വലതു നെഞ്ചു തുളഞ്ഞ് വെടിയുണ്ട പുറത്തുപോയ നിലയില്‍ ഇന്നലെ രാത്രി 10.30 ഓടെയാണ് രാജേഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തരമായി ഓപ്പറേഷന്‍ നല്‍കിയെങ്കിലും 12.15 ഓടെ മരണം സംഭവിച്ചു. തനിയെ വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രി പത്തോടെ ചെങ്കുളം ഡാമിന്റെ പവര്‍ ഹൗസിന്റെ ഉള്ളില്‍ ഡ്യൂട്ടി റൂമില്‍ വച്ചാണ് സംഭവം. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജാക്കാട് സ്വദേശിയായ ബിജേഷ് സംഭവം നടക്കുമ്പോള്‍ ബാത്ത് റൂമിലായിരുന്നെന്നാണ് നല്‍കിയ വിവരം.
ശബ്ദംകേട്ട് ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രാജേഷിനെയാണ് കാണുന്നത്. ബിജേഷ് ഉടന്‍ തന്നെ സമീപത്തുള്ള വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇവിടെ നിന്നും പൊലീസ് സ്ഥലത്തെത്തിയായാണ് വെടിയേറ്റ രാജേഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടര്‍ന്ന ഇയാള്‍ രാത്രി 12.15 ഓടെ മരിക്കുകയായിരുന്നു.


