മതങ്ങളെയും ജാതികളെയും കച്ചവടതാല്‍പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്യുന്ന അഭിനവ കാലത്ത് ശരിയായ ഗുരുദര്‍ശനം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടത്തിയ പ്രതീകാത്മകമായ ഒരു ദൃശ്യത്തെ വിവാദമാക്കി മുതലെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നത് തികച്ചും അപലപനീയമാണ്.
ശ്രീനാരായണ ഗുരുവെന്ന സമൂഹം ആദരിക്കുന്ന നവോഥാന നായകന്‍ ആരുടെയും സ്വകാര്യ സ്വത്തല്ല,.
ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന മഹത്തായ സന്ദേശം പകര്‍ന്ന് നല്‍കിയ ഗുരുവിനെ, ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവില്ലാത്ത ഒരു ലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ അപമാനിക്കുമെന്ന് കരുതാന്‍ വയ്യ.
ബാലസംഘം ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചല ദൃശ്യം തെറ്റിധാരണക്ക് ഇടയാക്കിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ വിശദീകരണവുമായി രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണ്.
കാരണം മതവികാരം പടര്‍ത്തി മുതലെടുപ്പ് നടത്തുന്ന അഭിനവ ഗുരുഭക്തന്മാരുടെ ഗൂഢനീക്കത്തിന് ഒരു തിരിച്ചടിയാണ് ഈ വിശദീകരണം.
സുപ്രീംകോടതി നടപടികളെ പോലും വിമര്‍ശിക്കാന്‍ അധികാരമുള്ള രാജ്യത്ത് ഗുരുദേവനെ കുരിശില്‍ തറച്ചതായ പ്രതീകാത്മകമായ ഒരു ‘സമരത്തെ’ അതേ സ്പിരിറ്റില്‍ കാണുകയായിരുന്നു, സമുദായത്തിന്റെ അട്ടിപ്പേറവകാശം അവകാശപ്പെടുന്നവര്‍ ചെയ്യേണ്ടിയിരുന്നത്.
ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ച ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ സമുദായത്തിന്റെ അഭിനവ വക്താക്കള്‍ കച്ചവട താല്‍പര്യം മുന്‍നിര്‍ത്തി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുരുദേവ ദര്‍ശനത്തെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടേണ്ടത് പുരോഗമന ചിന്താഗതിയുള്ള ഏത് വ്യക്തിയുടെയും കടമ തന്നെയാണ്.
ആ കടമ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തില്‍ ദൃശ്യവത്കരിക്കപ്പെട്ടതല്ല, മറിച്ച് അത്തരത്തില്‍ പ്രചാരണം നടത്തി തെറ്റദ്ധരിപ്പിക്കുകയാണ് സമുദായ ‘സ്‌നേഹികള്‍’ ചെയ്തത്.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിക്ക് സി.പി.എമ്മിനെയും അവരുടെ പോഷക സംഘടനകളെയും എങ്ങനെയും തുറന്ന് കാട്ടാനും എതിര്‍ക്കാനുമുള്ള അവകാശമുണ്ട്. അത് ജനാധിപത്യ രാജ്യത്ത് ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ കടമയാണ്.
സത്യം തിരിച്ചറിഞ്ഞ് വിലയിരുത്തേണ്ടതും ചിന്തിക്കേണ്ടതും സമൂഹത്തിന്റെ കടമയായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യവുമില്ല.
എന്നാല്‍ ശ്രീനാരായണ ധര്‍മ്മം പരിപാലിക്കാന്‍ ചുമതലപ്പെട്ട എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയുടെ ഇക്കാര്യത്തിലെ പ്രതികരണം ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റെ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചത് ഈഴവ സമുദായത്തെ വേദനിപ്പിച്ചുവെന്ന് പറയാന്‍ വെള്ളാപ്പള്ളി നടേശന് എന്താണ് അവകാശം? ഗുരുവിന്റെ ധര്‍മ്മവും നീതിയുമാണോ ഇപ്പോള്‍ എസ്.എന്‍.ഡി.പി യോഗം നടപ്പാക്കുന്നത്?
പ്രാകൃത സംസ്‌കാരമാണ് സി.പി.എം പിന്‍തുണക്കുന്നതെന്നും അവസരവാദ രാഷ്ട്രീയമാണ് അവരുടേതെന്നും ആരോപിക്കുന്ന വെള്ളാപ്പള്ളി, കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളേയും അതിന്റെ ഭാഗമായി നേടിയെടുത്ത നേട്ടങ്ങളേയും കണ്ടില്ലെന്ന് നടിക്കരുത്.
പാവപ്പെട്ടവന് തലചായ്ക്കാന്‍ ഇടംകൊടുത്തത് മാത്രമല്ല മേല്‍ജാതിക്കാര്‍ക്ക് മാത്രം വിഗ്രഹാരാധന സാധ്യമാക്കിയിരുന്ന കിരാത ‘നിയമത്തെ’ തച്ചുടച്ച് കീഴ്ജാതിക്കാരനും ക്ഷേത്രത്തില്‍ കയറാനുള്ള സാഹചര്യമൊരുക്കിയത് കമ്യൂണിസ്റ്റുകാരുടെ പോരാട്ടത്തിന്റെ ഫലമാണ്.
‘കോരന് എന്നും കുമ്പിളില്‍ മാത്രം’ കഞ്ഞികുടിക്കാന്‍ വിധിക്കപ്പെട്ട കാലഘട്ടത്തില്‍ നിന്ന് അടിസ്ഥാന വര്‍ഗ്ഗത്തിന് പുതുജീവന്‍ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകുടമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട് എന്ന് കരുതി അവര്‍ നടത്തിയ പോരാട്ടങ്ങളും രക്തസാക്ഷിത്വവും കണ്ടില്ലെന്ന് നടിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതി നിഷേധമാണ്.
സി.പി.എമ്മിന്റെ എല്ലാ നിലപാടുകളോടും നയങ്ങളോടും ഞങ്ങള്‍ക്കും യോജിപ്പില്ല. പക്ഷേ അതുകൊണ്ട് മാത്രം സത്യം പറയാതിരിക്കാനുമാവില്ല.
പുരോഗമന പ്രസ്താനങ്ങള്‍ ഉഴുതുമറിച്ച് പാകപ്പെടുത്തിയ കേരളത്തിന്റെ മണ്ണില്‍ ജാതി വികാരം ആളിക്കത്തിക്കേണ്ടത് ചിലരുടെ വ്യക്തി താല്‍പ്പര്യത്തിനും ബിസിനസ്സ് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും അനിവാര്യമാകാം.
കേരളം ഇന്നുവരെ നേടിയെടുത്ത നേട്ടങ്ങളെ പിറകോട്ടടിപ്പിക്കാനും സമൂഹത്തില്‍ അശാന്തി വിതയ്ക്കാനും മാത്രമേ ഇത്തരം പ്രവര്‍ത്തി കൊണ്ട് സാധിക്കു.
പ്രബുദ്ധരായ കേരളീയ സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ച് ജാതിമതരാഷ്ട്രീയ കൂട്ടുകെട്ടുകളെ തകര്‍ത്തെറിയാന്‍ രംഗത്തിറങ്ങുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
Team Expresskerala


