തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലറകള്‍ തടവുകാരുടെ കൊലയറകളാകുന്നു. മാനസിക പരിവര്‍ത്തനത്തിന് അവസമൊരുക്കിയും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങിയും ജയിലുകളെ അടിമുടി മാറ്റാന്‍ നീക്കം നടക്കുമ്പോഴും തടവുകാരുടെ മരണനിരക്ക് ഉയരുകയാണ്. ആറുവര്‍ഷത്തിനിടെ ജയിലുകളില്‍ മുന്നൂറോളം തടവുകാര്‍ മരിച്ചതായാണ് കണക്ക്.
വിയ്യൂര്‍ ജയിലില്‍ ചികിത്സയും പരിചരണവും കിട്ടാതെ നാല് ദിവസത്തിനുള്ളില്‍ രണ്ട് തടവുകാര്‍ മരിച്ചു. 24 പേര്‍ ഗുരുതരാവസ്ഥയില്‍ ജയില്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് വിവരം.
സംസ്ഥാനത്തെ ജയിലുകളില്‍ പ്രതിവര്‍ഷം ശരാശരി 47 പേര്‍ മരിക്കുന്നതായി ജയില്‍ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നു. മര്‍ദനവും യഥാസമയം ചികിത്സയും മരുന്നും കിട്ടാത്തതും മരണകാരണമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആറുവര്‍ഷത്തിനിടെ പൂജപ്പുര ജയിലില്‍ മരിച്ചത് 77 തടവുകാരാണ്. ഇക്കാലയളവില്‍ കണ്ണൂരില്‍ 56 ഉം കഴിഞ്ഞ ദിവസങ്ങളിലേത് ഉള്‍പ്പെടെ വിയ്യൂരില്‍ 34 ഉം തടവുകാര്‍ മരിച്ചു. പത്ത് ജില്ലാ ജയിലുകളിലായി 50 തടവുകാരും 16 സ്‌പെഷല്‍ സബ് ജയിലുകളില്‍ 33 പേരും മറ്റ് ജയിലുകളില്‍ 32 പേരും മരിച്ചിട്ടുണ്ട്.
വിയ്യൂര്‍ ജയിലിലെ രണ്ട് തടവുകാരെയും ജയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച സമയത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചാല്‍ മരണം ഒഴിവാക്കാമായിരുന്നെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ച എറണാകുളം അയ്യമ്പുഴ പാറളന്‍ വീട്ടില്‍ ജോസിന്റെ മകന്‍ ജ്യോമേഷും ബുധനാഴ്ച കളമശേരി എച്ച്എംടി കോളനിയില്‍ ആഞ്ഞലിവീട്ടില്‍ അഹമ്മദിന്റെ മകന്‍ അലിയുമാണ് മരിച്ചത്.
ജ്യോമേഷിന്റെ മരണത്തത്തെുടര്‍ന്ന് ഡിജിപി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അലിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ വൈകി.
ഒരാഴ്ച മുമ്പ് ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആലുവ സ്വദേശി മാര്‍ട്ടിന്‍ ചികിത്സയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ എടക്കര മൂത്തേടം പുതുവയല്‍ കോളനിയിലെ കുഞ്ഞന്‍ എന്ന ഗോപാലന്‍ മരിച്ചിരുന്നു. ഇയാള്‍ നെഞ്ച് വേദനിക്കുന്നതായി പറഞ്ഞിട്ടും അവഗണിച്ചെന്ന് ആക്ഷേപമുണ്ട്.
മാനസികമടക്കം രോഗങ്ങളുള്ള തടവുകാരെ മോചിപ്പിക്കണമെന്ന ജയില്‍ വകുപ്പ് നിര്‍ദേശം സര്‍ക്കാര്‍ ഫയലില്‍ ഒതുങ്ങി. കോടതി വ്യവഹാരം ഇഴയുന്നതിനാല്‍ വിചാരണത്തടവുകാരായ ചില രോഗികളും ജയിലില്‍ മരണം കാത്ത് കഴിയുന്നു.
53 ജയിലുകളില്‍ പേരിനെങ്കിലും ആശുപത്രിയുള്ളത് നാലിടത്താണ്. ഇവിടങ്ങളിലാകട്ടെ ഡോക്ടര്‍മാരടക്കം ജീവനക്കാര്‍ പരിമിതവും. ജയിലില്‍ ചപ്പാത്തിയും ബിരിയാണിയും ലഡുവുമൊക്കെ ഉണ്ടാക്കി വിറ്റ് കോടികള്‍ ഖജനാവിലെത്തുമ്പോഴും രോഗികളായ തടവുകാരോട് സര്‍ക്കാര്‍ സമീപനം മാറിയിട്ടില്ല.


