മോഡിക്കായി കോര്‍പ്പറേറ്റുകള്‍ രംഗത്തിറങ്ങി; ഓണ്‍ലൈന്‍ കാമ്പയിന്‍ വന്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍.എസ്.എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അകലുമ്പോള്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധം തടയാന്‍ കോര്‍പ്പറേറ്റുകളെ രംഗത്തിറക്കി നരേന്ദ്രമോഡി.

ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധം അമര്‍ച്ച ചെയ്യാനാണ് കോര്‍പ്പറേറ്റുകളെ രംഗത്തിറക്കിയത്. പാര്‍ലമെന്റ് നടത്തിക്കൊണ്ടുപോകാന്‍ എം.പിമാരോട് ആവശ്യപ്പെടുന്ന കോര്‍പറേറ്റുകളുടെ ഓണ്‍ലൈന്‍ കാമ്പയിനെ ചൊല്ലി ഭരണപക്ഷ -പ്രതിപക്ഷ നേതാക്കള്‍ രാജ്യസഭയില്‍ വാക്‌പോരു നടത്തുകയും ചെയ്തു.

രാഹുല്‍ ബജാജ്, ക്രിസ് ഗോപാലകൃഷ്ണന്‍, അദി ഗോദ്‌റെജ്, കിരണ്‍ മജുംദാര്‍, പവന്‍ മുഞ്ചല്‍ തുടങ്ങിയ കോര്‍പറേറ്റുകളാണ് വ്യവസായ രംഗത്തും മറ്റുമുള്ള 15,000 പ്രമുഖരുടെ ഒപ്പ് ശേഖരിച്ച് എം.പിമാര്‍ക്ക് അയക്കാന്‍ കാമ്പയിന്‍ തുടങ്ങിയത്.

പാര്‍ലമെന്റിലെ പ്രക്ഷോഭങ്ങള്‍ ആരും കേള്‍ക്കാത്തതല്ല എന്ന് തുടങ്ങുന്ന ഓണ്‍ലൈന്‍ പരാതി സ്തംഭനങ്ങള്‍ ഒരിക്കലും പതിവാകാന്‍ പാടില്ലെന്ന് എം.പിമാരെ ഓര്‍മിപ്പിക്കുന്നു.

പാര്‍ലമെന്റ് കുഴഞ്ഞാല്‍ ജനാധിപത്യം ദുര്‍ബലമാകും. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിലാണ് രാഷ്ട്രീയാധികാരങ്ങള്‍ വീതിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇരുകൂട്ടര്‍ക്കുമുണ്ട്.

രാഷ്ട്രീയ സമവായമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച പ്രായോഗിക സമീപനമെന്നും ഓണ്‍ലൈന്‍ പരാതി ഓര്‍മിപ്പിക്കുന്നു.

വന്‍ വ്യവസായികള്‍ക്ക് ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. അതിനുപിറകെയാണ് വ്യവസായികളുടെ ഇംഗിതത്തിനനുസരണമായി രാജ്യം മുഴുവന്‍ ഏകീകൃത നികുതിയാക്കാനുള്ള ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ കഴിയാതെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച സമാപിക്കുന്നത്.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നിരവധി സെഷനുകള്‍ പാര്‍ലമെന്റിന് നഷ്ടപ്പെട്ടപ്പോള്‍ കോര്‍പറേറ്റുകള്‍ എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. പാര്‍ലമെന്റ് അവരുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങണമെന്നാണോ അവര്‍ കരുതുന്നതെന്ന് ചോദിച്ച തിവാരി, ഇപ്പോഴുള്ളത് കോര്‍പറേറ്റ് പാര്‍ലമെന്റാണോ എന്നും പരിഹസിച്ചു.

Top