ആര്‍എസ്എസിന്റെ രാമക്ഷേത്രത്തിനു പകരം അയോധ്യയില്‍ മോഡിയുടെ രാമ മ്യൂസിയം

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും കര്‍ക്കശ നിലപാടിനെ മയപ്പെടുത്താന്‍ അയോധ്യയില്‍ രാമ മ്യൂസിയം പണിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കം.

അയോധ്യയില്‍ അത്യാധുനിക രാമ മ്യൂസിയം നിര്‍മിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. മ്യൂസിയം നിര്‍ദിഷ്ട രാമായണ സര്‍ക്യൂട്ടിന്റെ ഭാഗമായിരിക്കുമെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി.

മ്യൂസിയത്തില്‍ രാമായണത്തിന്റെ മഹിമ വ്യക്തമാക്കുന്ന ചിത്രീകരണങ്ങള്‍ ഉണ്ടാകും. മ്യൂസിയം നിര്‍മാണത്തിന് ഉന്നത പരിഗണനയാണ് നല്‍കുന്നതെന്നും ഫണ്ട് ലഭ്യമാക്കിയാല്‍ ഉടന്‍ നിര്‍മാണമാരംഭിക്കുമെന്നും മഹേഷ് ശര്‍മ പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ മ്യൂസിയം നിര്‍മാണം തുടങ്ങും. എന്നാല്‍, തര്‍ക്കസ്ഥലത്തെ മ്യൂസിയം ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ സ്വാമി നാരായന്‍ അക്ഷര്‍ധാം ക്ഷേത്രമാതൃകയിലാകും മ്യൂസിയം ഒരുങ്ങുക.

സൗണ്ട് ആന്‍ഡ് ലൈറ്റ്‌ഷോയും ബോട്ട് സവാരിക്ക് സൗകര്യവും ഏര്‍പ്പെടുത്തും. പുരാവസ്തുക്കള്‍ പ്രത്യേകമായി സജ്ജീകരിക്കും. അയോധ്യയില്‍ രാമവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൗണ്‍ഷിപ്പും സാംസ്‌കാരികകേന്ദ്രവും സ്ഥാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

2017ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാകുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ വിനോദസഞ്ചാരമാണ് വികസിപ്പിക്കുന്നത് എന്നായിരുന്നു മറുപടി.

അവിടെ രാമക്ഷേത്രം നിര്‍മിക്കാനല്ല പോകുന്നത് മന്ത്രി പറഞ്ഞു.അഞ്ച് സര്‍ക്യൂട്ടുകളാണ് സര്‍ക്കാര്‍ പദ്ധതിയിലുള്ളത്. ഓരോ വര്‍ഷവും ഓരോ സര്‍ക്യൂട്ടുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. രാമായണ സര്‍ക്യൂട്ട് അയോധ്യയില്‍ ഉടന്‍ തുടങ്ങും. ചിത്രകൂടം, ബസ്തിയിലെ മകോട, ജാനകികുണ്ഠ് എന്നിവ ഇതിലുള്‍പ്പെടും.

കേന്ദ്രത്തിന്റെ തീര്‍ഥാടന പുനര്‍ജീവന, ആത്മീയ പ്രോത്സാഹന ദൗത്യ (പ്രസാദ്)ത്തില്‍പെടുത്താന്‍ അയോധ്യ ഉള്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം ഉത്തര്‍പ്രദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹിന്ദുത്വവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തതുമൂലം പ്രശ്‌നസങ്കീര്‍ണമായി തുടരുന്ന അയോധ്യയില്‍ പുതിയ നീക്കം അസ്വസ്ഥത സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

മോഡിയുടെ രാമമ്യൂസിയത്തോടെ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ്.

രാമക്ഷേത്ര നിര്‍മ്മാണം വൈകരുതെന്ന് ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത്, കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോഡിയെ ഓര്‍മ്മിപ്പിച്ചിരുന്നു. രാമക്ഷേത്രത്തിനായി പ്രക്ഷോഭം ആരംഭിക്കുമെന്ന് വിഎച്ച്പിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാമമ്യൂസിയവുമായി മോഡിയുടെ രംഗപ്രവേശം.

Top