ആരുമറിഞ്ഞില്ല നയന്‍താര തൊടുപുഴയിലെത്തിയതും അഭിനയിച്ച് മടങ്ങിയതും. ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഒഫ് ജോസൂട്ടി എന്ന ചിത്രത്തിന് വേണ്ടി തൊടുപുഴയിലെ വാഴക്കുളത്താണ് നയന്‍താരയുടെ രംഗങ്ങള്‍ അതീവരഹസ്യമായി ചിത്രീകരിച്ചത്.
യൂണിറ്റംഗങ്ങളല്ലാതെ ആരെയും സെറ്റില്‍ പ്രവേശിപ്പിച്ചില്ല. കനത്ത സുരക്ഷയിലായിരുന്നു നയന്‍സ് അഭിനയിച്ച് മടങ്ങിയത്. ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.
സിദ്ദിഖ്മമ്മൂട്ടി ടീമിന്റെ ഭാസ്‌കര്‍ ദ റാസ്‌ക്കലിലാണ് മലയാളത്തില്‍ നയന്‍താര ഒടുവിലഭിനയിച്ചത്. ചിത്രത്തിന്റെ വന്‍ വിജയത്തിന് നയന്‍സിന്റെ സാന്നിദ്ധ്യവും സഹായകരമായിരുന്നു.
സിദ്ദിഖിന്റെ ബോഡിഗാര്‍ഡിലാണ് നയന്‍താര ഇതിന് മുമ്പ് ദിലീപിനോടൊപ്പമഭിനയിച്ചത്. ലൈഫ് ഒഫ് ജോസൂട്ടിയില്‍ ദിലീപിനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളിലാണ് നയന്‍സ് അഭിനയിച്ചത്.
തമിഴില്‍ ചിമ്പുവിനോടൊപ്പം ഇത് നമ്മ ആള് എന്ന സിനിമയിലാണ് നയന്‍താര അഭിനയിച്ചു വരുന്നത്. ജീവയോടൊപ്പം തിരുനാള്‍, ജയം രവിയോടൊപ്പം തനി ഒരുവന്‍, വിജയ് സേതുപതിയോടൊപ്പം നാനും റൗഡിതാന്‍ എന്നീ ചിത്രങ്ങളിലും നയന്‍സ് അഭിനയിക്കുന്നുണ്ട്.
തെലുങ്കാനയുടെ മെഗാസ്റ്റാര്‍ ചിരഞ്ജീവി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്ന ആട്ടോ ജോണിയിലും നയന്‍താരയാണ് നായികയാകുന്നത്.


