ആമസോണ്‍ ഫയര്‍ ടി.വി സ്റ്റിക്

സ്ട്രീമിങ് മീഡിയ സ്റ്റിക്കുമായി ആമസോണ്‍ രംഗത്ത്. കിന്‍ഡില്‍ ടാബിനും ‘ഫയര്‍ഫോണ്‍’ സ്മാര്‍ട്ട്‌ഫോണിനും ശേഷമാണ് ഓണ്‍ലൈന്‍ വീഡിയോകള്‍ ടി.വിയിലേക്ക് സ്ട്രീം ചെയ്യുന്ന ‘ഫയര്‍ ടി.വി സ്റ്റിക്’ എന്ന് പേരുള്ള യു.എസ്.ബി പെന്‍ ഡ്രൈവ് പോലുള്ള ഉപകരണവും റിമോട്ടും 39 ഡോളറിന് (ഏകദേശം 2,400) അവതരിപ്പിച്ചത്.

ഹൈ ഡെഫനിഷന്‍ ടി.വിയിലെ എച്ച്.ഡി.എം.ഐ പോര്‍ട്ടില്‍ ഈ സ്റ്റിക് കുത്തിയാല്‍ നെറ്റ്ഫ്‌ളിക്‌സ്, ഹുലു പ്ലസ്, പ്രൈം ഇന്‍സ്റ്റന്റ് വീഡിയോ, ഇ.എസ്.പി.എന്‍, ട്വിച്ച്, യൂ ടൂബ്, പാന്‍ഡോര, സ്‌പോട്ടിഫൈ തുടങ്ങിയ ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് സൈറ്റുകളിലെ വീഡിയോകള്‍ കാണാന്‍ കഴിയും.

വീഡിയോ സ്ട്രീമിങ് മീഡിയ ബോക്‌സായ ‘ആമസോണ്‍ ഫയര്‍ ടി.വി’ പുറത്തിറക്കി ഏഴുമാസത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ഉപകരണവുമായി കമ്പനി എത്തുന്നത്. ഇരട്ട കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, ഇരട്ട ബാന്‍ഡ്, ഇരട്ട ആന്റിന വൈ ഫൈ എന്നിവയുണ്ട്. ബുക്കിങ് ആരംഭിച്ച ഇത് നവംബര്‍ 19 മുതല്‍ വില്‍പന തുടങ്ങും.

ഒരുവര്‍ഷം മുമ്പിറങ്ങിയ 35 ഡോളറുള്ള ഗൂഗിളിന്റെ ക്രോംകാസ്റ്റ്, 50 ഡോളറുള്ള റോകു സ്ട്രീമിങ് സ്റ്റിക് എന്നിവക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഗൂഗിള്‍ ക്രോം കാസ്റ്റിനേക്കാള്‍ 50 ശതമാനം വേഗവും രണ്ട് മടങ്ങ് മെമ്മറിയും റോക്കുവിനേക്കാള്‍ ആറുമടങ്ങ് വേഗവും രണ്ടുമടങ്ങ് മെമ്മറിയും ഫയര്‍ ടി.വി സ്റ്റിക്കിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

Top