ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ആശ്വാസമായി വിമാന ഇന്ധനവില കുറഞ്ഞു

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകര്‍ന്ന് വിമാന ഇന്ധനവില വീണ്ടും കുറഞ്ഞു. 9.5 ശതമാനമാണ് ഇത്തവണ കുറച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കിലോ ലിറ്ററിന് 51,267 രൂപയില്‍ നിന്ന് 46,407 രൂപയായാണ് വില കുറഞ്ഞത്.

ആഗസ്ത് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇതോടെ വിമാന ഇന്ധനവില നാലു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.

കഴിഞ്ഞ ആഗസ്തിലേക്കാള്‍ വിമാന ഇന്ധനവിലയില്‍ 30 ശതമാനം കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വിമാന ഇന്ധനവിലയും കുറച്ചത്.

കഴിഞ്ഞ വര്‍ഷം ഒരവസരത്തില്‍ ഏതാണ്ട് 80,000 രൂപയിലെത്തി റെക്കോഡിട്ട വിലയാണ് ഇപ്പോള്‍ 46,407 രൂപയായി താഴ്ന്നിരിക്കുന്നത്. 10-12 ശതമാനം കൂടി വില കുറഞ്ഞാല്‍, റെക്കോഡ് നിലയില്‍ നിന്ന് വില പകുതിയാകും.

വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവിന്റെ ഏകദേശം 40 ശതമാനമാണ് ഇന്ധനച്ചെലവിനത്തില്‍ വരുന്നത്. ആഭ്യന്തര വിമാനക്കമ്പനികള്‍ കേന്ദ്രസംസ്ഥാന നികുതികള്‍ അടക്കം കൂടുതല്‍ തുക ഇതിനായി നല്‍കേണ്ടി വരാറുണ്ട്. ഇന്ധന വില കുറഞ്ഞതോടെ വിമാനക്കമ്പനികളുടെ ലാഭം ഉയരാന്‍ വഴിതെളിഞ്ഞു.

എണ്ണവില കുറഞ്ഞതോടെ ലോകത്തിലെ എല്ലാ വിമാനക്കമ്പനികള്‍ക്കും കൂടി 2,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.60 ലക്ഷം കോടി രൂപയുടെ) ലാഭമുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അനുമാനം.

അതേസമയം, ഇന്ധനവിലയ്ക്ക് ആനുപാതികമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

Top