തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ പേരില്‍ ആഭ്യന്തരവകുപ്പിനെ കൂടുതല്‍ കുരുക്കിലാക്കി ഗവ. ചീഫ് വിപ്പ്. വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചെന്നത് കള്ളമാണെന്ന വാദവുമായാണ് പി.സി ജോര്‍ജ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജോര്‍ജിന്റെ പുതിയ വാദം. താന്‍ വയനാട് സന്ദര്‍ശിച്ച് ഇതിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് പറഞ്ഞ ജോര്‍ജ് ആഭ്യന്തരവകുപ്പില്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്.
മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തെന്ന് നേരത്തെ പൊലീസും ആഭ്യന്തരവകുപ്പും സ്ഥിരീകരിച്ചതാണ്. എന്നാല്‍ വെടിവയ്പ്പ് നടന്നുവെന്നത് കള്ളമാണെന്ന് സര്‍ക്കാരിന്റെ കാബിനറ്റ് പദവി അലങ്കരിക്കുന്നയാള്‍ തന്നെ പറഞ്ഞതോടെ വെട്ടിലായത് ആഭ്യന്തരവകുപ്പാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരായ നീക്കമാണിതെന്ന വിലയിരുത്തലിലാണ് ചിലര്‍.
മാവോയിസറ്റുകളുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നതിന് കഴിഞ്ഞദിവസം ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മാവോയിസ്റ്റുകളുടെ മുദ്രാവാക്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോര്‍ജിന്റെ ഈ വാദങ്ങളെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തള്ളിപ്പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പി.സി ജോര്‍ജ് വീണ്ടും മാവോയിസ്റ്റ് വേട്ടയെ തള്ളിപ്പറഞ്ഞത്.
പി.സി ജോര്‍ജ് സൂപ്പര്‍ ആഭ്യന്തരമന്ത്രി ചമയുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ജോര്‍ജ് രംഗത്തുവന്നിരുന്നു.


