ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് വരുന്നു

ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് (ആന്‍ഡ്രോയ്ഡ് 5.0) എത്തുന്നു. നെക്‌സസ് 6 സ്മാര്‍ട്ട്‌ഫോണ്‍, നെക്‌സസ് 9 ടാബ്‌ലറ്റ്, മീഡിയ സ്ട്രീമിങിനുള്ള നെക്‌സസ് പ്ലെയര്‍ എന്നീ മൂന്ന് വ്യത്യസ്ത ഉപകരണങ്ങളിലൂടെയാണ് ആന്‍ഡ്രോയ്ഡ് 5.0 ആദ്യം ഉപയോക്താക്കളിലെത്തുന്നത്.

നവംബര്‍ 3 ന് നെക്‌സസ് 9 ടാബും നെക്‌സസ് പ്ലെയറും വിപണിയിലെത്തും. അതിനാല്‍, അന്നായിരിക്കും ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആദ്യം ഉപയോക്താക്കളുടെ പക്കലെത്തുക.

ദൃശ്യമിഴിവിലും യൂസര്‍ ഇന്റര്‍ഫേസിലുമുള്ള പരിഷ്‌ക്കരണമാണ് ലോലിപോപ്പിന്റെ പ്രകടമായ സവിശേഷത. ‘മെറ്റീരിയല്‍ ഡിസൈന്‍’ ( Material Design ) എന്ന് ഗൂഗിള്‍ പേരിട്ടിട്ടുള്ള രൂപഘടനയാണ് ഇതിനായി ലോലിപോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്.

ആനിമേഷനുകളുടെ അനായാസത, നിറങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ഡിസൈന്‍, മെച്ചപ്പെടുത്തിയ മള്‍ട്ടിടാസ്‌കിങ് മെനു, ശബ്ദമുപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ഇടപഴകാനുള്ള (ഇന്ററാക്ട് ചെയ്യാനുള്ള) അവസരം ഒക്കെ സാധ്യമാക്കുംവിധമാണ് ലോലിപോപ്പ് ഒരുക്കിയിരിക്കുന്നത്. ഫാക്ടറി റീസെറ്റിങ് പരിമിതപ്പെടുത്തുന്ന പ്രത്യേക സംരക്ഷണ സങ്കേതവും ലോലിപോപ്പിലുണ്ട്. സ്റ്റോര്‍ചെയ്ത ഡേറ്റയുടെ സംരക്ഷണാര്‍ഥം എന്‍ക്രിപ്ഷന്‍ സങ്കേതവും ആന്‍ഡ്രോയ്ഡ് ലോലിപോപ്പിലുണ്ട്.

പ്രൊഫഷണലുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ പാകത്തിലാണ് ലോലിപോപ്പ് എത്തുന്നത്. ഒരേ ഉപകരണത്തെ തന്നെ പേഴ്‌സണല്‍ മോഡിലേക്കും, വര്‍ക്ക് ‘പേഴ്‌സണാലിറ്റി’യിലേക്കും മാറ്റി, രണ്ട് രീതിയില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉപയോഗിക്കാന്‍ പുതിയ ആന്‍ഡ്രോയ്ഡ് അവസരമൊരുക്കുന്നു. നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ ലോലിപോപ്പില്‍ നൂതന സംവിധാനം തന്നെ ഒരുക്കിയിരിക്കുന്നു. കാര്‍ഡുകളുടെ രൂപത്തിലാണ് നോട്ടിഫിക്കേഷനുകള്‍ സ്‌ക്രീനിലെത്തുക. മാത്രമല്ല, 90 മിനിറ്റ് ബാറ്ററി ആയുസ്സ് വര്‍ധിപ്പിക്കാനുള്ള പുതിയൊരു ബാറ്ററി സേവിങ് മോഡും ലോലിപോപ്പിലുണ്ട്.

2011 ലെ ആന്‍ഡ്രോയ്ഡ് 4.0 ഐസ് സ്‌ക്രീം സാന്‍ഡ്‌വിച്ചിന് ശേഷം, ഗൂഗിള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആന്‍ഡ്രോയ്ഡ് അവതരണമാണ് ലോലിപോപ്പിന്റേത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബുകള്‍ക്കും പുറത്ത് മറ്റ് ഉപകരണങ്ങളിലേക്ക് ആന്‍ഡ്രോയ്ഡിന്റെ വളര്‍ച്ചക്ക് തുടക്കമിട്ടത് ഐസ് സ്‌ക്രീം സാന്‍ഡ്‌വിച്ചായിരുന്നു.

Top