ആന്റണിയുടെ പിന്‍തുണയും സെന്‍കുമാറിന് ; ബഹ്‌റ വിന്‍സന്‍പോളിന്റെ പിന്‍ഗാമിയാകും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ എ.കെ ആന്റണിയുടെ പിന്‍തുണ സെന്‍കുമാറിനെന്ന് സൂചന.

അഴിമതിയും കെടുകാര്യസ്ഥതയും രൂക്ഷമായ കേരള പൊലീസിന്റെ മുഖഛായ മാറ്റാന്‍ ശക്തമായ പ്രതിച്ഛായയുള്ള സെന്‍കുമാര്‍ തന്നെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരണമെന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ആന്റണിക്കുള്ളതെന്നാണ് ആന്റണിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടറായ മഹേഷ്‌കുമാര്‍ സിംഗ്ല ഡെപ്യൂട്ടേഷനില്‍ പോയിട്ട് ഒരു വര്‍ഷം പോലും പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹത്തെ തിരിച്ച് വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചില്ലെങ്കില്‍ സെന്‍കുമാറിന് അനുകൂലമായി ആന്റണി ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചന.

ഈ സാഹചര്യം ഒഴിവാക്കാന്‍ സിംഗ്ലക്ക് വേണ്ടി കേരള സന്ദര്‍ശനത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെക്കൊണ്ട് മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദം ചെലുത്താനും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്. പ്രബല സമുദായത്തില്‍പ്പെട്ട രണ്ട് വിവാദ ഐപിഎസുകാരാണ് ഈ നീക്കങ്ങള്‍ക്ക് ചരട് വലിക്കുന്നത്.

ഐ ഗ്രൂപ്പിലെ ചില ഉന്നത നേതാക്കളെയും സമുദായ നേതാവിനെയും മുന്‍നിര്‍ത്തി ഗരുതര ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന ഈ ഉദ്യോഗസ്ഥര്‍ നടത്തുന്ന കരുനീക്കത്തില്‍ ഭരണപക്ഷത്ത് തന്നെ ശക്തമായ ഭിന്നത ഉടലെടുത്തതായും സൂചനയുണ്ട്.

എന്നാല്‍ സംസ്ഥാന വിഷയങ്ങളില്‍ ആന്റണിയുടെ നിലപാടിനപ്പുറം മറിച്ചൊരു തീരുമാനമെടുക്കാത്ത ചരിത്രമുള്ള രാഹുല്‍ ഗാന്ധി ഇക്കാര്യത്തിലും മറിച്ചൊരു തീരുമാനമെടുക്കില്ലെന്നും ഉറപ്പാണ്.

സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം വന്നാല്‍ സെന്‍കുമാറിന് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും തീരുമാനം.

ഘടകകക്ഷികളുടെ കൂടി നിലപാടിന് അനുസരിച്ച് ഡിജിപി നിയമന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആന്റണി തന്നെ നേരിട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിര്‍ദേശം നല്‍കാനും സാധ്യതയുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം സുധീരനും സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കണമെന്ന നിലപാടിലാണ്.

അതേസമയം സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയാക്കുന്ന പക്ഷം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വിന്‍സന്‍ എം പോളിന്റെ പിന്‍ഗാമിയായി ലോക്‌നാഥ് ബഹ്‌റയെ നിയമിക്കണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ട് രമേശ് ചെന്നിത്തലയുമായും മറ്റ് ‘ഐ’ ഗ്രൂപ്പ് നേതാക്കളുമായും വളരെ അടുത്ത ബന്ധമുള്ള ഐപിഎസ് ഓഫീസറാണ് ലോക്‌നാഥ് ബഹ്‌റ. എന്‍ഐഎ മേധാവിയായിരുന്ന ബഹ്‌റ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി അടുത്തയിടെയാണ് സംസ്ഥാന സര്‍വ്വീസിലേക്ക് മടങ്ങിയെത്തിയത്.

നിലവിലെ പൊലീസ് മേധാവി ബാലസുബ്രഹ്മണ്യവും അലക്‌സാണ്ടര്‍ ജേക്കബും മെയ് 31ന് റിട്ടയര്‍ ചെയ്യുന്ന ഒഴിവില്‍ യഥാക്രമം വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജേക്കബ് തോമസും ലോക്‌നാഥ് ബഹ്‌റയും ഡിജിപിമാരാകും. നിലവില്‍ നാല് ഡിജിപി തസ്തികയാണ് കേരളത്തിലുള്ളത്.

നവംബറില്‍ വിന്‍സന്‍പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ താല്‍പര്യം.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കുന്ന ‘ഒത്തുതീര്‍പ്പ് ‘ വ്യവസ്ഥയില്‍ ഇക്കാര്യത്തിലും ധാരണയുണ്ടാക്കുമെന്നാണ് ഭരണപക്ഷ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ബാര്‍ കോഴ കേസില്‍ മന്ത്രി മാണിക്കെതിരെ കേസ് രജിസറ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ ജേക്കബ് തോമസിനെയും, വിന്‍സന്‍ എം പോളിന്റെ ഒഴിവില്‍ ഡിജിപി തസ്തികയിലേക്ക് ഉയരുന്ന ഋഷിരാജ് സിംഗിനെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചാല്‍ സര്‍ക്കാരിന് ‘കുരുക്കാകു’മെന്നതിനാല്‍ ബഹ്‌റയെ വിന്‍സന്‍ എം പോളിന്റെ പിന്‍ഗാമിയാക്കാനാണ് സര്‍ക്കാരിനും താല്‍പര്യം.

Top