ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ രക്തചന്ദന കടത്തുകാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
തിരുപ്പതിക്കു സമീപം സെസ്ചലാം വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. എണ്‍പതോളം പേര്‍ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ആര്‍എസ്എഎസ്ടിഎഫ് ഡിഐജി എ കന്തറാവു പറഞ്ഞു.
രക്തചന്ദനം മുറിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്താനെത്തിയ രക്തചന്ദന കള്ളക്കടത്ത് വിരുദ്ധ സേനയെ കള്ളക്കടത്തുകാര്‍ ആക്രമിക്കുകയായിരുന്നു. കീഴടങ്ങണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടാലിയും മറ്റുമായി കള്ളക്കടത്തുകാര്‍ ആക്രമണം ശക്തമാക്കി. തുടര്‍ന്ന് കല്ലേറ് തുടങ്ങിയതോടെയാണ് സേന വെടിയുതിര്‍ത്തത്. രണ്ടു സ്ഥലങ്ങളിലായാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളാണ്. മരിച്ചവരില്‍ രണ്ടു പേര്‍ രാജ്യാന്തര കള്ളക്കടത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നും റിപ്പോര്‍ട്ട്. ഡിജിപി ജി.വി. രാമുഡു മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ച് ഏറ്റുമുട്ടലിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


